തിരുവനന്തപുരം: വിവാദമായ സ്വർണക്കടത്തിന് മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുളള ഐടി,ആഭ്യന്തര വകുപ്പുകളുടെ നിർലോഭമായ സഹായം ലഭിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ആരോപണത്തിന്റെ കുന്തമുന ചെന്നു തറക്കുക മുഖ്യമന്ത്രിയുടെ നേരെയും, മുഖ്യമന്ത്രിയുടെ ഓഫീസിലേക്കുമാണെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു. . യുഎഇ കോൺസൽ ജനറലിന്റെ ഗൺമാൻ ആത്മഹത്യാ ശ്രമം നടത്തി. ഇയാളുടെ നിയമനത്തിൽ ദുരൂഹതയുണ്ട്. ഉന്നതവ്യക്തികളുടെ താൽപര്യത്താലാണ് ഇയാളുടെ നിയമനം. കേന്ദ്ര സർക്കാർ നിർദ്ദേശത്താലാണ് ഇങ്ങനെ ഒരാളെ നിയമിച്ചതെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. എന്നാൽ സംസ്ഥാന സർക്കാരിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാനാണ് ഇയാളെ നിയമിച്ചത്. യുഎഇ കോൺസുലേറ്റ് നിൽക്കുന്ന സ്ഥലത്തിനാണ് കേന്ദ്രം സംരക്ഷണം കൊടുക്കാൻ പറഞ്ഞിരിക്കുന്നത്. അറ്റാഷെയ്‌ക്കോ മറ്റോ പേഴ്സണൽ ഗൺമാനെ നൽകാൻ പറഞ്ഞിട്ടില്ല.
ആഭ്യന്തര വകുപ്പിന് സ്വർണകടത്തുമായി ബന്ധമുണ്ട്. ഏതൊരു സാധാരണക്കാരനും ഇത് മനസ്സിലാകും. അതിനാൽ തന്നെ മുഖ്യമന്ത്രി രാജിവക്കണം.രാജിവക്കാതെ നിർവ്വാഹമില്ല.സിപിഎം കേന്ദ്രനേതൃത്വം പിണറായി വിജയനെ ഉപദേശിക്കണമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.മുഖ്യമന്ത്രി രാജിവക്കാൻ തയ്യാറാകണം ഇല്ലെങ്കിൽ പാർട്ടി തീരുമാനം എടുപ്പിക്കണം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ബിജെപി സംസ്ഥാനത്ത് കരിദിനം ആചരിക്കും. സംസ്ഥാനത്ത് 10 ലക്ഷം വീടുകളിൽ പ്രതിഷേധ ജ്വാല തെളിച്ചും മുഖ്യമന്ത്രിയുടെ കോലം കത്തിച്ചും പ്രതിഷേധിക്കും.
മന്ത്രി കെ.ടി ജലീൽ വർഗീയ കാർഡിറക്കി രക്ഷപ്പെടാനുളള അവസാന ശ്രമമാണ് നടത്തുന്നതെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. കോൺസുൽ ജനറലുമായി വാട്‌സ് ആപ്പ് ചാറ്റ് നടത്തിയതും വിശ്വാസയോഗ്യമല്ല. സക്കാത്തിന്റെ പേരിൽ രക്ഷപെടാൻ ജലീൽ നടത്തുന്ന ശ്രമം വിശ്വാസികളടക്കം തിരിച്ചറിഞ്ഞെന്നും ആ വിദ്യ വിലപ്പോവില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.