new

തിരുവനന്തപുരം: തലസ്ഥാനത്ത് കീം പരീക്ഷ (എൻജിനിയറിംഗ്/ഫാർമസി പ്രവേശന പരീക്ഷ) എഴുതിയ രണ്ട് വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ ഒരു രക്ഷിതാവിനും കൊവിഡ് സ്ഥിരീകരിച്ചു. മണക്കാട് സ്വദേശിയായ നാൽപ്പത്തേഴുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ മകൻ കോട്ടൺഹിൽ സ്കൂളിലാണ് പരീക്ഷ എഴുതിയത്.പരീക്ഷാ കേന്ദ്രത്തിൽ കുട്ടിയെ കൊണ്ടുവന്നത് രക്ഷിതാവാണ്. പരീക്ഷ തീരുന്നത് വരെ ഇയാൾ പരീക്ഷ ഹാളിന് പുറത്തുണ്ടായിരുന്നു. സ്കൂൾ പരിസരത്ത് ഉണ്ടായിരുന്ന എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു.

തൈക്കാട് കേന്ദ്രത്തിൽ പരീക്ഷ എഴുതിയ പൊഴിയൂർ സ്വദേശിയും കരമനയിൽ പരീക്ഷ എഴുതിയ കരകുളം സ്വദേശിയുമാണ് കൊവിഡ് സ്ഥിരീകരിച്ച വിദ്യാർത്ഥികൾ. കരകുളം സ്വദേശിക്ക് നേരത്തെ രോഗ ലക്ഷണം ഉണ്ടായിരുന്നതിനാൽ പ്രത്യേക മുറിയിലാണ് പരീക്ഷ എഴുതിയതെന്നാണ് വിവരം. പൊഴിയൂർ സ്വദേശിക്കൊപ്പം പരീക്ഷ വിദ്യാർത്ഥികളുടെ പട്ടിക പ്രവേശന പരീക്ഷാ കമ്മിഷണർ ആരോഗ്യവകുപ്പിന് കൈമാറി.തുടർന്ന് പരീക്ഷാ ഹാളിൽ ഉണ്ടായിരുന്ന 20 വിദ്യാർത്ഥികൾ, പരീക്ഷ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർ, വോളണ്ടിയർമാർ എന്നിവരോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.