തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തുമായി എൻ.ഐ.എ സംഘം തലസ്ഥാനത്ത് നടത്തുന്ന തെളിവെടുപ്പ് തുടരുകയാണ്. ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തിയ എൻ.ഐ.എ സംഘം ആദ്യം സരിത്തുമായി അരുവിക്കരയിലെ സന്ദീപ് നായരുടെ വീട്ടിലെത്തിയാണ് തെളിവെടുത്തത്. പിന്നീട് അമ്പലമുക്കിലുളള സ്വപ്‌നയുടെ ഫ്ളാറ്റിലേക്ക് പോയി. ഇവിടെ തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം സംഘം സരിത്തുമൊത്ത് കുറവൻകോണത്തേക്ക് പോയി. ഇവിടെ ഒരു ഹൗസിംഗ് കോളനിയിൽ നിർത്തി കോളനിയുടെ ബോർഡിന്റെ ചിത്രമെടുത്ത് യാത്ര തുടർന്നു.
നന്ദാവനത്തും, ഉളളൂരുമുളള ചില ഹോട്ടലുകളിലാണ് പിന്നീട് തെളിവെടുത്തത്. ഇതിനു ശേഷം സെക്രട്ടേറിയേറ്റിന് സമീപമുളള ഹെതർ അപാർട്ടുമെന്റിൽ സരിത്തിനെ എത്തിച്ച് തെളിവെടുത്തു. പ്രതികൾ ഉപയോഗിച്ച വ്യാജസീൽ നിർമ്മിച്ച കടയും സംഘം കണ്ടെത്തി. സ്‌റ്റാച്യുവിന് സമീപമാണ് ഈ കട.
കൃത്യമായ സഞ്ചാര വഴികളെ കുറിച്ച് വെളിപ്പെടുത്താതെയാണ് എൻ.ഐ.എ സംഘത്തിന്റെ യാത്ര. ഇപ്പോൾ തിരുവല്ലത്തെ സരിത്തിന്റെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തുകയാണ് സംഘം.