kaumudy-news-headlines

1. സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്ന സുരേഷിന്റെയും, സന്ദീപിന്റെയും കസ്റ്റഡി കാലാവധി നീട്ടി. നാല് ദിവസത്തേക്ക് ആണ് കൊച്ചിയിലെ എന്‍.ഐ.എ കോടതി കസ്റ്റഡി കാലാവധി നീട്ടിയത്. സ്വപ്നയുടേയും സന്ദീപിന്റെയും ജാമ്യ ഹര്‍ജി 24ന് പരിഗണിക്കും. എന്നാല്‍ ഈ രണ്ട് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തുന്നതിന് ആയി കസ്റ്റംസ് ഇന്ന് എന്‍.ഐ.എ കോടതിയെ സമീപിച്ചേക്കും. കേസില്‍ റിമാന്‍ഡിലായ റമീസിനെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യവുമായി കസ്റ്റംസ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയെ ഇന്ന് സമീപിക്കും. ഇയാളുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആയതിനാല്‍ ഇക്കാര്യത്തില്‍ തീരുമാനം ഇന്ന് തന്നെയുണ്ടാകും.


2. അതിനിടെ,നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സരിത്തിനെ തെളിവെടുപ്പിനായി എന്‍.ഐ.എ തിരുവനന്തപുരത്ത് എത്തിച്ചു. അതിരാവിലെ കൊച്ചിയില്‍ നിന്ന് തിരിച്ച അന്വേഷണ സംഘം തിരുവനന്തപുരത്തെ പൊലീസ് ക്ലബിലേക്ക് എത്തി. അവിടെ നിന്നാണ് തെളിവെടുപ്പിനായി കൊണ്ടു പോയത്. സ്വര്‍ണ്ണക്കടത്ത് കെസുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവെടുപ്പാണ് തലസ്ഥാന നഗരത്തില്‍ നടക്കുന്നത്. ഏയര്‍പോര്‍ട്ട് കാര്‍ഗോ അടക്കം ഉള്ള ഇടങ്ങളിലാണ് തെളിവെടുപ്പ് നടക്കുക. കേസിലെ മറ്റൊരു പ്രതിയായ ഫൈസല്‍ ഫരീദിന്റെ സാമ്പത്തിക ഇടപാടുകള്‍ വിശദമായി അന്വേഷിക്കാന്‍ തീരുമാനം. ഇതിന്റെ ഭാഗമായി മൂന്നു വര്‍ഷത്തെ ഇടപാടുകള്‍ രേഖകള്‍ ആവശ്യപ്പെട്ട് വിവിധ ബാങ്കുകള്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥന്‍ കത്ത് നല്‍കി. തൃശൂരിലെ ഒരു സ്വകാര്യ ബാങ്ക് അടക്കം മൂന്ന് ബാങ്കുകള്‍ക്ക് ആണ് കത്ത് നല്‍കിയത്.
3.. സ്വര്‍ണ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐ.ടി വകുപ്പിന്റേയും ആഭ്യന്തര വകുപ്പിന്റെയും സഹായം സ്വര്‍ണ കടത്ത് സംഘങ്ങള്‍ക്ക് കിട്ടി എന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. യു.എ.ഇ കോണ്‍സുലേറ്റ് അറ്റാഷെയ്ക്ക് ഗണ്‍മാനെ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോടു കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ല. ഗണ്‍മാന്റെ നിയമനം സ്ഥാപിത താത്പര്യങ്ങള്‍ക്ക് ആയുള്ളത് ആണെന്നും ആരോപണം. യു.എ.ഇ കോണ്‍സുലേറ്റിനു സുരക്ഷ നല്‍കണം എന്നാണു കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. സുരക്ഷാ ഭീഷണിയുണ്ടെന്നു പറഞ്ഞു കേരള പൊലീസ് വെറുതെ ഗണ്‍മാനെ നല്‍കിയതാണ്. രാജ്യത്തെ ഒരു സംസ്ഥാന സര്‍ക്കാരും ചെയ്യാത്ത കാര്യമാണിത്. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിനു സഹായം നല്‍കി. ഈ ആരോപണം നിഷേധിക്കാന്‍ മുഖ്യമന്ത്രിക്കു സാധിക്കില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു
4.. തന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സഹായിക്കുന്ന നിലപാടാണു മുഖ്യമന്ത്രി സ്വീകരിച്ചത്. നില്‍ക്ക കള്ളിയില്ലെന്നു മനസിലായപ്പോള്‍ അദ്ദേഹത്തെ പുറത്താക്കി. സ്വര്‍ണക്കടത്തിന് എല്ലാ സഹായങ്ങളും നല്‍കിയതു മുഖ്യമന്ത്രിയാണ്. സ്വര്‍ണക്കടത്ത് സംഘവുമായുള്ള സംസ്ഥാന സര്‍ക്കാരിന്റെ ബന്ധം വ്യക്തമാണ്. മറ്റാരുടെയെങ്കിലും തലയില്‍ കുറ്റം കെട്ടിവച്ച് മുഖ്യമന്ത്രിക്ക് രക്ഷപെടാന്‍ സാധിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി രാജിവയ്ക്കണം. രാജി അനിവാര്യമാണ്. മുഖ്യമന്ത്രി ഉത്തരം നല്‍കേണ്ട നൂറു കണക്കിനു ചോദ്യങ്ങള്‍ കെട്ടി കിടക്കുകയാണ്. സത്യമായ കാര്യങ്ങള്‍ പുറത്തു വരുന്നതു വരെ മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടണം. ഒന്നുകില്‍ രാജിക്കു മുഖ്യമന്ത്രി തയാറാകണം. അല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ രാജി പാര്‍ട്ടി ആവശ്യപ്പെടണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
5.രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്ന് പുലര്‍ച്ചെയോടെ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആയിരുന്നു ആത്മഹത്യാ ശ്രമം. സെല്ലില്‍ നളിനിയ്ക്ക് ഒപ്പമുള്ള തടവുകാരിയെ മറ്റൊരു ബ്‌ളോക്കിലേക്ക് മാറ്റണം എന്ന് നളിനി ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാത്തത് ആണ് ആത്മഹത്യാ ശ്രമത്തിന് കാരണം എന്ന് ജയില്‍ അധികൃതര്‍. 1999 മെയ് 11ന് ആണ് രാജീവ് ഗാന്ധി വധക്കേസ് പ്രതിയായ നളിനിയുടെ വധശിക്ഷ 2014 ആണ് സുപ്രീംകോടതി ജീവപര്യന്തമായി ചുരുക്കിയത്.
6.സമൂഹ വ്യാപന സാധ്യത തടയാന്‍ പട്ടാമ്പിയില്‍ ലോക്ഡൗണ്‍. പട്ടാമ്പി താലൂക്ക്, നെല്ലായ പഞ്ചായത്ത് എന്നിവിടങ്ങളില്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തി ഇരിക്കുന്നത്. തീവ്ര ബാധിത മേഖലകളില്‍ ഉള്‍പ്പെടെ 47 കേന്ദ്രങ്ങളില്‍ ആരോഗ്യ വകുപ്പ് ദ്രുത പരിശോധനയ്ക്ക് തുടക്കമിട്ടു. പട്ടാമ്പി നഗരസഭയിലും സമീപത്തെ 16 പഞ്ചായത്തുകളിലും കൊവിഡ് 19 രോഗികളുടെ എണ്ണം ഏറുകയാണ്. ഈ സാഹചര്യത്തില്‍ ആണ് മേഖലയില്‍ ദ്രുത പരിശോധന വ്യാപിപ്പിച്ച് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. 28 തീവ്ര ബാധിത മേഖലകള്‍ ഉള്‍പ്പെടെ 47 ഇടങ്ങളിലാണ് വ്യാപനം അതിരൂക്ഷം
7. രോഗവ്യാപനം കണ്ടെത്തി തടഞ്ഞില്ലെങ്കില്‍ സൂപ്പര്‍ സ്‌പ്രെഡിലേക്ക് വഴിമാറുമെന്ന ആശങ്കയുമുണ്ട്. മത്സ്യമാര്‍ക്കറ്റുകള്‍, വ്യാപാരകേന്ദ്രങ്ങള്‍, ബസ് സ്റ്റാന്‍ഡ് പരിസരം എന്നിവടങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കും. പട്ടാമ്പി മേഖലയിലെ 47 കേന്ദ്രങ്ങളിലും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ഉടന്‍ പൂര്‍ത്തിയാക്കും. ശരാശരി 500 പേര്‍ക്കാണ് പട്ടാമ്പി ക്ലസ്റ്ററില്‍ ദിവസവും ആന്റിജന്‍ പരിശോധന നടത്തുന്നത്. തൃശൂര്‍, മലപ്പുറം ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്ന മേഖല ആയതിനാല്‍ രോഗവ്യാപനം കൂടുമെന്നും വിലയിരുത്തലുണ്ട്. ഏഴ് തൃശൂര്‍ സ്വദേശികള്‍ക്കും മൂന്ന് മലപ്പുറം ജില്ലക്കാര്‍ക്കും കഴിഞ്ഞ ദിവസം പട്ടാമ്പി ക്ലസ്റ്ററില്‍ നടന്ന പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു
8. അതിനിടെ, 20 ദിവസത്തെ ഇടവേളക്ക്‌ശേഷം എറണാകുളം മാര്‍ക്കറ്റ് ഭാഗികമായി തുറന്നു. അണു നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം പലചരക്ക് കടകള്‍ 11 മണിയോടെ ആണ് തുറന്നത്. പച്ചക്കറി മാര്‍ക്കറ്റ് നാളെ മാത്രമെ തുറക്കു. കര്‍ശന നിബന്ധനകളോടെ ആണ് മാര്‍ക്കറ്റ് വീണ്ടും തുറന്നത്. അമ്പത് ശതമാനം കടകള്‍ മാത്രമാണ് ഒരു ദിവസം തുറക്കാന്‍ അനുമതി. പുലര്‍ച്ചെ മൂന്നു മണി മുതല്‍ ഏഴുമണി വരെയാണ് ലോഡ് ഇറക്കാനുള്ള സമയം. ഏഴു മുതല്‍ പതിനൊന്നു വരെ ചില്ലറ വില്‍പനക്കാര്‍ക്ക് സാധാനങ്ങള്‍ വാങ്ങാം. പതിനൊന്നു മണി മുതലായിരിക്കും പൊതു ജനങ്ങള്‍ക്ക് മാര്‍ക്കറ്റിലേക്ക് പ്രവേശനം.