വിശപ്പിന്റെ വിളി ദുസഹമാണെന്നും ലോകജനസംഖ്യയുടെ 8.9 ശതമാനം പേർ അതായത് 69 കോടിയാളുകൾ അതിന്റെ നീരാളിപ്പിടിത്തത്തിലാണെന്നും ജൂലായ് 13 ന് പ്രസിദ്ധീകരിച്ച അന്താരാഷ്‌ട്ര പഠനം പറയുന്നു. 2030 ആകുമ്പോഴേക്കും വിശപ്പുരഹിതരുടെ ലോകം സൃഷ്‌ടിക്കുകയെന്ന സുസ്ഥിര വികസന ലക്ഷ്യത്തിലേക്കുള്ള പ്രയാണ മദ്ധ്യത്തിലാണ്, ആശങ്കപ്പെടുത്തുന്ന പുതിയ ഭക്ഷ്യസുരക്ഷാ റിപ്പോർട്ട് വന്നിരിക്കുന്നത്.
സോഫി റിപ്പോർട്ട്
ഐക്യരാഷ്‌ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രിക്കൾച്ചറൽ ഓർഗനൈസേഷൻ , ഇന്റർനാഷണൽ ഫണ്ട് ഫോർ അഗ്രിക്കൾച്ചറൽ ഡെവലപ്‌മെന്റ്, യൂണിസെഫ്, വേൾഡ് ഫുഡ് പ്രോഗ്രാം, ലോകാരോഗ്യസംഘടന എന്നീ സംഘടനകളുടെ സംയുക്ത ശ്രമമാണ് സോഫി (സ്‌റ്റേറ്റ് ഒഫ് ഫുഡ് സെക്യൂരിറ്റി ആൻഡ് ന്യൂട്രീഷൻ ഇൻ ദി വേൾഡ്) അഥവാ ലോകത്തിലെ ഭക്ഷ്യസുരക്ഷയുടെയും പോഷകാഹാരത്തിന്റെയും അവസ്ഥാ റിപ്പോർട്ട്. 2017 ൽ പ്രസിദ്ധീകരിച്ച് തുടങ്ങിയ പ്രസ്‌തുത റിപ്പോർട്ടിന്റെ 2020 ലെ അവസ്ഥ കൊവിഡ് വ്യാപനത്തിന്റെ സവിശേഷ സാഹചര്യത്തിൽ നിർണായകമാണ്. കൊവിഡ് രൂക്ഷമായിത്തുടങ്ങിയ 2020 മാർച്ച് വരെയുള്ള കണക്കിൽ വ്യാപനശേഷമുള്ള ദുരിതം ഉൾപ്പെട്ടിട്ടില്ല എന്നതു കൂടി ഓർമ്മിക്കണം. കൊവിഡ് 19 മൂലം മാത്രം 8.3 കോടി മുതൽ 13 കോടിയോളം പേർ ദാരിദ്ര്യത്തിലേക്കും വിശപ്പിലേക്കും തള്ളിവിടപ്പെടാം എന്ന മുന്നറിയിപ്പും റിപ്പോർട്ട് നൽകുന്നുണ്ട്.
വിശപ്പിന്റ വിളി
റിപ്പോർട്ട് പ്രകാരം പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരിൽ ഏറ്റവുമധികം പേർ ( 38 കോടി ) ഏഷ്യയിലാണ്. ആഫ്രിക്കയിൽ 25 കോടിയും ലാറ്രിനമേരിക്ക, കരീബിയൻ ദ്വീപുകൾ എന്നിവിടങ്ങളിൽ 4.8 കോടിയും പോഷകാഹാരക്കുറവുള്ളവരാണ്. കൂടാതെ അഞ്ച് വയസിന് താഴെയുള്ള കുട്ടികളിൽ 14.4 കോടി പേർ ഉയരക്കുറവും 4.7 കോടി പേർ ഭാരക്കുറവും 3.8 കോടി പേർ അമിതഭാരവും ഉള്ളവരാണ്. റിപ്പോർട്ട് പരാമർശിക്കുന്ന പ്രകാരം ആരോഗ്യകരമായ ഭക്ഷണത്തിനാവശ്യമായ തുക പ്രതിദിനം 1.9 ഡോളർ അഥവാ 143 രൂപയാണ്. ഈ അന്താരാഷ്‌ട്ര ദാരിദ്ര്യ പരിധിക്ക് താഴെയുള്ളവരുടെ എണ്ണം 300 കോടിയുണ്ട് എന്നുകൂടി അറിയുമ്പോൾ ലോകത്തെ വിശപ്പിന്റെ തീവ്രത വ്യക്തമാകും.
2020 ലെ ഫോർബ്‌സിന്റെ കണക്കനുസരിച്ച് 2095 ശതകോടീശ്വരന്മാരുള്ള ലോകത്ത് ഏകദേശം പകുതിയോളം പേർ ദാരിദ്ര്യത്തിന്റെ പിടിയിൽ അമരുമ്പോഴാണ് കൊവിഡ് പുത്തൻ വെല്ലുവിളികൾ തീർക്കുന്നത്. 2020 ജൂണിലെ ഗ്ളോബൽ ഇക്കണോമിക് പ്രോസ്‌പെക്‌ട് റിപ്പോർട്ട് അനുസരിച്ച് കൊവിഡ് മൂലം 71 ദശലക്ഷം പേർ ഗുരുതരമായ ദാരിദ്ര്യാവസ്ഥയിലേക്ക് നിപതിക്കുമെന്ന് കണക്കാക്കുപ്പെടുന്നു. ഈ പ്രവചനങ്ങളുടെയെല്ലാം സൂചനകൾ ലഭിച്ചു തുടങ്ങി. ഐ.എൽഒ കണക്കാക്കിയ 2020 രണ്ടാംപാദത്തിലെ 10.7 തൊഴിൽ നഷ്‌ടവും ആഗോള ജി.ഡി.പിയിലെ 2.4 ശതമാനം വീഴ്‌ചയും ദരിദ്രന്റെ അടുക്കളയിൽ വിശപ്പിന്റെ പുകമാത്രമാകും അവശേഷിപ്പിക്കുക എന്നതിന്റെ സൂചനയാണ്.
പ്രതിരോധിക്കാം
കൊവിഡ് 19 ന്റെ ആഗോള ദാരിദ്ര്യ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ലോകബാങ്കിന്റെ കണക്കനുസരിച്ച് ഈ പാൻഡമിക് മൂലം മാത്രം 71 മൂലം 100 ദശലക്ഷം വരെയാളുകൾ ദാരിദ്ര്യത്തിലേക്ക് തള്ളിയിടപ്പെടാം. ഭക്ഷ്യലഭ്യതയിലും ഭക്ഷ്യസുരക്ഷയിലും ഉണ്ടാകുന്ന ഏതൊരു വിള്ളലും രാജ്യത്തെ കുട്ടികളെയാകും ഏറ്റവുമധികം ബാധിക്കുക എന്നതിനാൽ കരുതലോടെയുള്ള സമീപനങ്ങൾ അനിവാര്യമാണ്. പ്രത്യേകിച്ചും സ്‌കൂളുകൾ തുറക്കാതെയും ഉച്ചഭക്ഷണ പദ്ധതി മുടങ്ങുകയും ചെയ്‌ത സാഹചര്യത്തിൽ ഒരു രാജ്യം ഒരു റേഷൻ കാർഡ് എന്ന പദ്ധതിക്കൊപ്പം ഭക്ഷ്യപാക്കേജിലെ വിപുലീകരണവും വൈവിദ്ധ്യവത്‌കരണവും ഇത്തരുണത്തിൽ അഭികാമ്യമാണ്.
പ്രതിദിനം 32 രൂപ കൊണ്ട് ( പ്ളാനിംഗ് കമ്മിഷന്റെ ദാരിദ്ര്യ സൂചിക ) ദാരിദ്ര്യം മറയ്‌ക്കുന്ന ഇന്ത്യയിലും കൊവിഡ് കാലം കനത്ത പ്രത്യാഘാതമാകും കൊണ്ടുവരിക.
ഇതിനോടകം കേരളം തുടക്കമിട്ട, സുഭിക്ഷകേരളം പദ്ധതി, വരാനിരിക്കുന്ന ഭക്ഷ്യസുരക്ഷാ വെല്ലുവിളിക്ക് ഒരു മറുപടി കൂടിയാണ്. കൃഷിയിയൂടെ, ഭക്ഷ്യോത്പാദനത്തിലൂടെ വനസമ്പത്തിന്റെ നൂതന വികാസങ്ങളിലൂടെയെല്ലാം ദാരിദ്ര്യത്തിന്റെ കടുപ്പം കുറയ്‌ക്കാൻ ഈ ലോക്‌ഡൗൺ കാലത്ത് നമുക്കാകും. നിശ്ചലമാകുന്ന തൊഴിലുറപ്പ് പദ്ധതിയുടെ വേരുകൾ കാർഷികമേഖലയിലേക്ക് വഴിതിരിച്ചു വിടുക കൂടി ചെയ്‌താൽ കൊവിഡാനന്തരം ഭക്ഷ്യസുരക്ഷയും വിശപ്പുരഹിത സമ്പദ് വ്യവസ്ഥയും നമുക്ക് തിരികെ പിടിക്കാൻ കഴിയും.
സോഫി റിപ്പോർട്ട് ഉയർത്തിക്കാട്ടുന്ന വിശപ്പിന്റെ വെല്ലുവിളികളെ .
അങ്ങനെ കാർഷിക മുൻഗണനകളിലൂടെ പ്രതിരോധിക്കാം