തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് വ്യാപിച്ചപ്പോള്‍ അത് ജില്ലാ ഭരണകൂടത്തിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രിയെന്ന് യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബഹ്‌നാൻ. ഇന്റലിജന്‍സും സ്‌പെഷ്യല്‍ ബ്രാഞ്ചും നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ മുഖ്യമന്ത്രി അവഗണിച്ചതിന്റെ ഫലമാണ് ഇപ്പോള്‍ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്.
തിരുവനന്തപുരത്ത് ഒരു വസ്ത്രവ്യാപാര സ്ഥാപനം കൊവിഡ് വ്യാപന കേന്ദ്രമായി മാറാന്‍ പോകുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. മുഖ്യമന്ത്രി ഒരു നടപടിയും എടുക്കാതെ അത് അവഗണിച്ചു. അവിടെ കൊവിഡ് പടര്‍ന്നതോടെ അടക്കേണ്ടി വന്നു. ഇപ്പോള്‍ മുഖ്യമന്ത്രി ജില്ലാ ഭരണകൂടത്തെ കുറ്റപ്പെടുത്തുന്നു.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടെല്ലാം അവഗണിച്ച മുഖ്യമന്ത്രിയാണ് കേസ് വ്യാപിച്ചപ്പോള്‍ ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്ന് പറയുന്നത്. ജില്ലാഭരണകൂടം ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണെന്ന് സി പി എം സെക്രട്ടറിയേറ്റ് പറഞ്ഞിട്ടുണ്ടെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.