exam

തിരുവനന്തപുരം:കൊവിഡ് കാലത്ത് ഒരു പ്രശ്നവുമില്ലാതെ എസ് എസ് എൽ സി പരീക്ഷ നടത്താനായി. അതിരുകടന്ന ഈ ആത്മവിശ്വാസമാണ് കീം പരീക്ഷ (എൻജിനിയറിംഗ്/ഫാർമസി പ്രവേശന പരീക്ഷ) നടത്താൻ സർക്കാരിനെ പ്രേരിപ്പിച്ചത്. പക്ഷേ, പണി പാളി. പരീക്ഷ എഴുതിയ രണ്ട് വിദ്യാർത്ഥികൾക്കൊപ്പം ഒരു രക്ഷിതാവിനും കൊവിഡ് സ്ഥിരീകരിച്ചതോടെ കാര്യങ്ങൾ കൈവിട്ടുപോയി. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തുനിന്ന് സർക്കാരിനെതിരെ കടുത്ത പ്രതിഷേധമാണ് ഇപ്പോൾ ഉയരുന്നത്. തങ്ങളുടെ മക്കളെവച്ച് സർക്കാർ നടത്തിയത് ഭാഗ്യപരീക്ഷണമായിരുന്നു എന്നാണ് ഭൂരിപക്ഷം രക്ഷിതാക്കളും പറയുന്നത്.

പ്രവേശന പരീക്ഷ നടത്തുമെന്ന സർക്കാർ പ്രഖ്യാപനം വന്നപ്പോൾത്തന്നെ എതിർപ്പുകളുയർന്നിരുന്നു. എസ് എസ് എൽ സി പരീക്ഷ നടത്തിയ സാഹചര്യമല്ല ഇപ്പോഴുളളതെന്നും രോഗികളുടെ എണ്ണം കൂടിവരികയാണെന്നും പലരും മുന്നറിയിപ്പുനൽകി. പക്ഷേ, അത് അധികൃതർ ഗൗനിച്ചില്ല. പരീക്ഷ നടത്താനുളള തീരുമാനത്തിൽ ഉറച്ചുനിന്നു. നിലവിലെ കൊവിഡ് സാഹചര്യത്തിൽ പരീക്ഷകൾ നടത്തുന്നത് വെല്ലുവിളിയാണ്. വിദ്യാർത്ഥികൾക്ക് രോഗം പടരാനുള്ള സാദ്ധ്യത കണക്കിലെടുത്ത് പരീക്ഷ നടത്താനുള്ള തീരുമാനം പുനപരിശോധനക്കണമെന്ന് രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമൊപ്പം കേന്ദ്രമന്ത്രി വി മുരളീധരനും പ്രതിപക്ഷ നേതാക്കളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ശക്തമായ മുന്നൊരുക്കങ്ങളോടെയായിരിക്കും പരീക്ഷ നടത്തുക എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

പരീക്ഷാ ഹാളിലേക്ക് വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചപ്പോൾ ഈ മുന്നൊരുക്കങ്ങളാെക്കെ കണ്ടു.സാനിറ്റൈസിംഗും താപനില പരിശോധനയും സാമൂഹ്യ അകലം പാലിക്കലുമൊക്കെ ഉണ്ടായിരുന്നു. ഇതു കണ്ട് എസ് എസ് എൽ സി പരീക്ഷ പോലെയായിരിക്കും ഇതും എന്ന് എല്ലാവരും ആശ്വസിച്ചു.പരീക്ഷ കഴിഞ്ഞ് സ്കൂളുകളിൽ നിന്ന് വിദ്യാർത്ഥികൾ പുറത്തിറങ്ങുന്നത് കണ്ടപ്പോൾ അപായം മണത്തു. ഒരു തരത്തിലുളള സാമൂഹ്യ അകലവും പാലിക്കാതെ ഉത്സവപ്പറമ്പിലെന്നപോലെ തിക്കിത്തിരക്കിയാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും സ്കൂളുകളിൽനിന്ന് പുറത്തേക്ക് വന്നത്. ചിലർ മാസ്കുകൾ കഴുത്തിനുതാഴെയാണ് ധരിച്ചിരുന്നത്. പരീക്ഷാ കേന്ദ്രങ്ങളിലും ബസ് സ്റ്റോപ്പുകളിലും തിരക്കൊഴിവാക്കാൻ പൊലീസ് സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നെങ്കിലും പരീക്ഷ കഴിഞ്ഞിറങ്ങിയവരെ നിയന്ത്രിക്കാൻ നാമമാത്രമായ പൊലീസുകാർക്ക് കഴിഞ്ഞില്ല. പൊലീസുകാരുടെ വാക്കുകൾ പലരും കേട്ടില്ലെന്നതാണ് ശരി.

കുട്ടികളുടെയും രക്ഷിതാക്കളുടെയും തിരക്കുകാരണം ലോക്ഡൗണായിരുന്നിട്ടുപോലും നഗരം ട്രാഫിക് ബ്ളോക്കിലമർന്നു. എന്നാൽ പരീക്ഷാ നടത്തിപ്പ് പൂർണ വിജയമെന്നായിരുന്നു വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ അവകാശവാദം.

ഒടുവിൽ ഭയന്നതുപോലെ തന്നെ സംഭവിച്ചു. തിരുവനന്തപുരത്ത് പരീക്ഷ എഴുതിയ രണ്ട് വിദ്യാർത്ഥികൾക്കും ഒരു രക്ഷിതാവിനും രോഗം സ്ഥിരീകരിച്ചു. തൈക്കാട് കേന്ദ്രത്തിൽ പരീക്ഷ എഴുതിയ പൊഴിയൂർ സ്വദേശിയായ വിദ്യാർത്ഥിക്കും കരമനയിൽ എഴുതിയ കരകുളം സ്വദേശിയായ വിദ്യാർത്ഥിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.കോട്ടൺഹിൽ സ്കൂളിൽ കുട്ടിയുമായി എത്തിയ മണക്കാട് സ്വദേശിയാണ് രാേഗം സ്ഥിരീകരിച്ച രക്ഷിതാവ്.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ അധികൃതർക്ക് പാളിച്ച പറ്റിയെന്ന് ഇതിൽ നിന്ന് വ്യക്തമായി. ഇതോടെ തലസ്ഥാനം ആശങ്കയുടെ മുൾ മുനയിലായി. തലസ്ഥാനത്ത് ഇപ്പോൾത്തന്നെ രോഗബാധിതരുടെ എണ്ണം വളരെ കൂടുതലാണ്.കൂടുതൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും രോഗം സ്ഥിരീകരിച്ചാൽ കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലേക്ക് കാര്യങ്ങൾ പോകും.

എന്നാൽ ഇപ്പോഴത്തെ പ്രശ്നത്തിൽ ആശങ്കപ്പെടേണ്ടെന്നാണ് മന്ത്രി കടകംപളളി സുരേന്ദ്രൻ പറയുന്നത്. അതോടൊപ്പം വസ്തുതകൾക്ക് വിരുദ്ധമായി, നഗരത്തിലെ മറ്റൊരു പരീക്ഷാ കേന്ദ്രത്തിന്റെ മുൻ വശത്തെ കവാടത്തിൽ സാമൂഹിക അകലം വേണ്ടത്ര പാലിക്കാതെ രക്ഷിതാക്കളും കുട്ടികളും പുറത്തേക്ക് വരുന്ന ചിത്രം ഉപയോഗിച്ച് സമൂഹത്തിൽ ഭീതി പരത്താൻ ചിലർ ശ്രമിക്കുന്നുണ്ടെന്നാണ് മന്ത്രിയുടെ കുറ്റപ്പെടുത്തൽ.