തിരുവനന്തപുരം: കൊവിഡ് കോൺവലസന്റ് പ്ലാസ്മ (സിസിപി) ഉപയോഗിച്ചുള്ള ചികിത്സയിലൂടെ 90 ശതമാനത്തിലേറെ രോഗികളെ രക്ഷിക്കാനായതോടെ നിലവിലെ സാഹചര്യത്തിൽ കൂടുതൽപേർ പ്ളാസ്മ നൽകാൻ മുന്നോട്ട് വരണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ അഭ്യർത്ഥന. കൊവിഡ് മുക്തരായ ധാരാളം പേർ സ്വമേധയാ പ്ലാസ്മ നൽകാൻ സന്നദ്ധരായി വന്നിട്ടുണ്ട്. രോഗം സുഖപ്പെട്ട വ്യക്തികളുടെ രക്തത്തിലെ പ്ലാസ്മ ഉപയോഗിച്ച് കൊവിഡ് രോഗികളെ ചികിത്സിക്കുന്ന രീതിയാണ് കോവിഡ് കോൺവലസന്റ് പ്ലാസ്മ തെറാപ്പി. ഗുരുതരാവസ്ഥയിലുള്ള രോഗികളിൽ പോലും ഈ ചികിത്സ ഫലപ്രദമാണെന്ന് കണ്ടിട്ടുണ്ട്.
സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ പ്ളാസ്മ ചികിത്സ നടത്തിയതായും മന്ത്രി വ്യക്തമാക്കി. ഐ.സി.എം.ആർ, സ്റ്റേറ്റ് പ്രോട്ടോകോൾ എന്നിവയനുസരിച്ച് മെഡിക്കൽ ബോർഡുകളുടെ അനുമതിയോടെയാണ് പ്ലാസ്മ ചികിത്സ നൽകുന്നത്. കൊറോണ വൈറസ് ബാധയെ അതിജീവിച്ചവരുടെ ശരീരത്തിൽ വൈറസിനെ ചെറുക്കാൻ ആവശ്യമായ ആന്റിബോഡികൾ രൂപപ്പെട്ടിട്ടുണ്ടാകും. രോഗം ഭേദമായിക്കഴിഞ്ഞാലും ഈ ആന്റിബോഡികൾ ശരീരത്തിൽ അവശേഷിക്കും. ഈയൊരു മാർഗം പിന്തുടർന്നാണ് പ്ലാസ്മ ചികിത്സ കേരളത്തിലും പരീക്ഷിച്ചത്.
ശേഖരിക്കും ഇവരിൽ നിന്ന്, നൽകും ഇവർക്ക്
പനി, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങളുണ്ടായിരുന്ന കൊവിഡ് രോഗ മുക്തരിൽ നിന്നാണ് പ്ലാസ്മ ശേഖരിക്കുന്നത്. രണ്ട് പ്രാവശ്യം കൊവിഡ് നെഗറ്റിവ് ഫലം വന്നതിന് ശേഷം 14 ദിവസം മുതൽ 4 മാസം വരെ പ്ലാസ്മ നൽകാം. ഗർഭിണികളെ ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശ്വാസതടസം, രക്തത്തിൽ ഓക്‌സിജന്റെ അളവ് കുറവ്, ന്യൂമോണിയ തുടങ്ങി കാറ്റഗറി സി വിഭാഗത്തിലുള്ള രോഗികൾക്കും അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കുമാണ് പ്ലാസ്മ ചികിത്സ നൽകുന്നത്. രക്ത പരിശോധനയ്ക്ക് ശേഷമാണ് പ്ലാസ്മ നൽകുന്നത്. രോഗിയുടെ ശരീരത്തിൽ എത്തുന്ന പ്ലാസ്മ കൊവിഡ് വൈറസിനെ തുരത്താൻ സഹായിക്കും.
മെഷീൻ വേർതിരിക്കും
ഫ്രസിനിയസ് കോംറ്റെക് മെഷീനിലൂടെ അഫെറെസിസ് ടെക്‌നോളജി മുഖേനയാണ് ആവശ്യമായ പ്ലാസ്മ മാത്രം രക്തത്തിൽ നിന്നും വേർതിരിച്ചെടുക്കുന്നത്. രക്ത ദാതാവിൽ നിന്ന് കുറഞ്ഞ അളവിലുള്ള രക്തം തുടർച്ചയായി മെഷീനിലൂടെ കടത്തി വിട്ട് സെൻട്രിഫ്യൂഗേഷൻ പ്രക്രിയ വഴിയാണ് പ്ലാസ്മ വേർതിരിക്കുന്നത്. ഉയർന്ന ഗുണമേന്മയുള്ള രക്ത ഘടകമാണ് ഈ പ്രക്രിയ വഴി ലഭിക്കുന്നത്. ഇതിലൂടെ ഏറെ രക്ത ദാതാക്കളിൽ നിന്നുള്ള പ്ലാസ്മ രോഗിക്ക് സ്വീകരിക്കേണ്ടി വരുന്നില്ല. ശേഖരിക്കുന്ന പ്ലാസ്മകൾ ഒരു വർഷം വരെ ശേഖരിച്ച് സൂക്ഷിക്കാനാവും. മഞ്ചേരി മെഡിക്കൽ കോളേജിലാണ് ആദ്യത്തെ പ്ലാസ്മ ചികിത്സയും പ്ലാസ്മ ബാങ്കും തുടങ്ങിയത്. വിജയകരമായതോടെ പ്രധാന മെഡിക്കൽ കോളേജുകളിൽ പ്ലാസ്മ ബാങ്ക് സജ്ജമാക്കാനാണ് തീരുമാനം. ആവശ്യമായ പ്ലാസ്മ ശേഖരിച്ച് വച്ച് അത്യാവശ്യ രോഗികൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പ്ലാസ്മ ബാങ്കുകൾ സ്ഥാപിക്കുന്നത്.