തിരുവനന്തപുരം: കൊവിഡ് വ്യാപനം നഗരത്തിൽ ഗുരുതരമായി തുടരുമ്പോഴും വട്ടിയൂർക്കാവ് മണ്ഡലത്തിൽ രോഗബാധ പടരാതെ പിടിച്ചുനിറുത്താനായതിന്റെ ആശ്വാസത്തിലാണ് സ്ഥലം എം.എൽ.എയായ വി.കെ.പ്രശാന്ത്. രോഗവ്യാപനത്തിന്റെ ആദ്യ നാളുകളിൽ അൽപം ആശങ്ക ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ കാര്യങ്ങൾ നിയന്ത്രണത്തിലാണെന്ന് പ്രശാന്ത് കേരളകൗമുദി 'ഫ്ളാഷി'നോട് പറഞ്ഞു.
പ്രതിരോധം ജനങ്ങൾ വഴി
മണ്ഡലത്തിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചപ്പോൾ ജനങ്ങൾ ആശങ്കയോടെയും ഭീതിയോടെയും ഇരുന്ന ഒരു സമയം ഉണ്ടായിരുന്നു. എന്നാൽ, പ്രതിരോധ മാർഗങ്ങളുമായി സർക്കാർ തന്നെ മുന്നിൽ നിന്നപ്പോൾ അവർക്ക് ആത്മവിശ്വാസമായി. സർക്കാരിന്റെ ബ്രേക്ക് ദ ചെയിൻ അടക്കമുള്ള പ്രതിരോധ മാർഗങ്ങൾ എല്ലാവരും പിന്തുടരാൻ തുടങ്ങി. നിലവിൽ 13 രോഗികളാണ് മണ്ഡലത്തിലുള്ളത്. എന്നാൽ, ആരുടെയും സ്ഥിതി ഗുരുതരമല്ല. ഭീതിയുടെ അന്തരീക്ഷം മാറിയത് വലിയ കാര്യമാണ്.
നിരന്തരം വിലയിരുത്തുന്നു
കൊവിഡ് രോഗബാധ സംബന്ധിച്ച് മണ്ഡലത്തിൽ നിരന്തരം യോഗങ്ങൾ ചേർന്ന് സ്ഥിതിഗതികൾ കൃത്യമായി വിലയിരുത്തുന്നുണ്ട്. തന്റെ സാന്നിദ്ധ്യത്തിലും അല്ലാതെ കൗൺസിലർമാരുടെ നേതൃത്വത്തിലും യോഗങ്ങൾ ചേരുന്നുണ്ട്. രോഗം പടരാതിരിക്കാനുള്ള എല്ലാ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ ബോധവത്കരണ, അവബോധ പ്രവർത്തനങ്ങളും നടക്കുന്നു. നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങൾ ആരോഗ്യപ്രവർത്തകർ എന്നും അന്വേഷിക്കുന്നുണ്ട്. ആർക്കെങ്കിലും രോഗലക്ഷണങ്ങൾ കടുക്കുകയാണെങ്കിൽ ഉടനടി അവരെ ആശുപത്രിയിലേക്ക് മാറ്റുന്നുമുണ്ട്.
സമൂഹവ്യാപനം സൂചനയില്ല
മണ്ഡലത്തിൽ ഇപ്പോൾ കൊവിഡിന്റെ സമൂഹവ്യാപന സൂചനകളൊന്നും തന്നെയില്ല. അത് ആശ്വാസമാണ്. സമീപഭാവിയിൽ സമൂഹവ്യാപനം ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ജനങ്ങൾ കവലകളിലും മറ്റും കൂട്ടം കൂടുന്നത് വിലക്കിയിട്ടുണ്ട്. കടകളിൽ സാമൂഹ്യ അകലം പാലിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഇക്കാര്യം പൊലീസ് പരിശോധിച്ച് ഉറപ്പുവരുത്തുന്നുണ്ട്. ജനങ്ങളുടെ അനാവശ്യ യാത്രകൾക്കും നിയന്ത്രണമുണ്ട്, ഇതിനൊപ്പം യുവ ഹെൽത്ത് വോളന്റിയർമാരും സദാ നിരീക്ഷണത്തിനുണ്ട്.
കോളനികളിൽ പ്രത്യേക ശ്രദ്ധ
മണ്ഡലത്തിലെ ഹാർവിപുരം കോളനിയിൽ ഒരാൾക്ക് രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോളനി ആയതിനാൽ തന്നെ രോഗം പെട്ടെന്ന് പടരാനുള്ള സാദ്ധ്യതയേറെയാണ്. അത് മുന്നിൽ കണ്ടുള്ള എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ജനങ്ങൾ നല്ല രീതിയിലാണ് പ്രതിരോധ പ്രവർത്തനങ്ങളോട് സഹകരിക്കുന്നത്. നേരത്തെ പ്രതിരോധത്തിന് നേതൃത്വം നൽകാൻ ആരെങ്കിലും വേണമെന്ന സ്ഥിതിയായിരുന്നു. എന്നാലിപ്പോൾ ജനങ്ങൾ തന്നെ പ്രതിരോധവുമായി മുന്നിട്ടിറങ്ങുന്നുണ്ട്. ഇത് ആശാവഹമാണ്.
ഫസ്‌റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ
രോഗലക്ഷണങ്ങളില്ലാത്ത രോഗികളെയും ചെറിയ രോഗലക്ഷണങ്ങളുള്ളവരെയും ചികിത്സിക്കുന്നതിനായി ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ ആരംഭിച്ചിട്ടുണ്ട്. പേരൂർക്കട ഇ.എസ്.ഐ ആശുപത്രി, ജനറൽ ഹോസ്‌പിറ്റൽ എന്നിവയെ ഈ ലക്ഷ്യത്തോടെ ഉപയോഗപ്പെടുത്തുന്നുണ്ട്. കൂടുതൽ ട്രീറ്റ്‌മെന്റ് സെന്ററുകൾ വരും ദിവസങ്ങളിൽ ഒരുക്കും. ഇതിനൊപ്പം മറ്റ് രോഗങ്ങൾ മൂലം കഷ്ടത അനുഭവിക്കുന്നവർക്ക് ചികിത്സയ്ക്കായി പേരൂർക്കട ഗവൺമെന്റ് ആശുപത്രിയിൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
എം.എൽ.എ ഫണ്ടിൽ നിന്ന് ഒരുകോടി
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആശുപത്രികളിൽ സൗകര്യങ്ങൾ ഒരുക്കുന്നതിനായി എം.എൽ.എ ഫണ്ടിൽ നിന്ന് ഒരുകോടി രൂപ ചെലവിടുന്നുണ്ട്. ഇതിന്റെ ആദ്യഘട്ടമായി ആശുപത്രികളിൽ ആരോഗ്യപ്രവർത്തകർക്ക് വേണ്ട മാസ്‌കുകൾ, ഓക്‌സിജൻ സിലിണ്ടറുകൾ, ഓക്‌സിമീറ്ററുകൾ അടക്കമുള്ള ഉപകരണങ്ങൾ നൽകിയിട്ടുണ്ട്. രണ്ടാംഘട്ടത്തിൽ വെന്റിലേറ്റർ അടക്കമുള്ള സൗകര്യങ്ങളും ഒരുക്കും.