വാഷിംഗ്ടൺ: മാസ്ക് ധരിച്ച ദേശസ്നേഹികളാകൂ എന്ന് ട്വീറ്ര് ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മാസ്ക് ധരിച്ച ചിത്രത്തിനൊപ്പമാണ് എന്നെക്കാൾ മികച്ച ദേശസ്നേഹിയുണ്ടാവില്ലെന്ന കുറിപ്പ്.
'ചൈനയുടെ വൈറസിനെതിരായ പ്രവർത്തനത്തിൽ നമ്മൾ ഒറ്റക്കെട്ടാണ്. നിരവധിപ്പേർ പറയുന്നു, ദേശസ്നേഹമുള്ളവർ മാസ്ക് ധരിക്കുമെന്ന്. സാമൂഹ്യ അകലം പാലിക്കാൻ സാധിക്കാത്ത സമയത്ത് മാസ്ക് ധരിക്കുന്നത് രാജ്യസ്നേഹമാണ്. എന്നേക്കാൾ അധികം ദേശത്തെ സ്നേഹിക്കുന്ന മറ്റാരും കാണില്ല.'- ട്രംപ് ട്വീറ്റ് ചെയ്തു.
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സമയത്ത് മാസ്ക് ധരിച്ച് പൊതുവേദികളിൽ വരാൻ ട്രംപ് വിമുഖത കാണിച്ചിരുന്നു. ഇതിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. മാസ്‌ക് ധരിക്കണമോ വേണ്ടയോ എന്ന് നിശ്ചയിക്കുന്നത് ജനങ്ങളാണ്. ഒരിക്കലും അവരെ ഞാനതിന് നിർബന്ധിക്കുകയില്ലെന്ന് മുമ്പ് ട്രംപ് പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ട്വീറ്ര്.