തിരുവനന്തപുരം: ആളൊഴിഞ്ഞ വീട്ടു പരിസരത്തിലിരുന്ന യുവാക്കളെ ഒരു സംഘം അക്രമികൾ വെട്ടി പരുക്കേൽപിച്ചു. തുമ്പ പുല്ലുകാടാണ് സംഭവം. പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം സ്ഥലത്തെത്തിയ സംഘം രണ്ടുപേരെ വെട്ടുകയായിരുന്നു. പുല്ലുകാട് സ്വദേശി സജി, കണ്ണൻ എന്നിവർക്കാണ് വെട്ടേറ്റത്. കൈയ്ക്കും തലയ്ക്കും വെട്ടേറ്റ കണ്ണനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സജിയ്‌ക്ക് നിസാര പരുക്കാണുളളത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണ് കണ്ണനെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവ് വിൽപ്പനചൊല്ലി മുൻപ് കണ്ണനും മറ്റുചിലരുമായി പ്രശ്നങ്ങളുണ്ടായിരുന്നു. അതിന്റെ തുടർച്ചയാണ് ഇന്നലത്തെ സംഭവമെന്ന് കഴക്കൂട്ടം പൊലീസ് വെളിപ്പെടുത്തി. സംഭവത്തിൽ കേസെടുത്തതായും പ്രതികൾക്കായി അന്വേഷണം ശക്തമാക്കിയതായും കഴക്കൂട്ടം സൈബർസിറ്റി അസി. കമ്മിഷണർ അറിയിച്ചു.