vaccine

ലണ്ടൻ: പ്രതിരോധ വാക്സിനുകൾ വികസിപ്പിക്കാൻ സാധാരണ വർഷങ്ങൾ വേണ്ടിവരുമ്പോൾ മഹാമാരിയായ കൊവിഡിനെതിരെ വെറും നാലു മാസം കൊണ്ടാണ് ഓക്സ്‌ഫോഡ് സർവകലാശാലയിലെ ഗവേഷകർ കുത്തിവയ്‌പ് വികസിപ്പിച്ചെടുക്കുന്നതിന്റെ നിർണായകഘട്ടം കടന്നത്.

@ ക്ലിനിക്കൽ ട്രയൽ

ഒന്നും രണ്ടും ഘട്ടങ്ങൾ ബ്രിട്ടനിലെ അഞ്ച് ആശുപത്രികളിൽ ഏപ്രിൽ 23 മുതൽ മേയ് 21 വരെയായിരുന്നു. 15 - 55 വയസുള്ള 1077 വോളന്റിയർമാരിൽ പരീക്ഷണം. 543പേർക്ക് പുതിയ വാക്സിനും അത്രതന്നെ പേർക്ക് ഡമ്മി വാക്സിനും നൽകി.​ എല്ലാവരുടെയും രക്തസാമ്പിൾ പരിശോധിച്ച് വാക്സിന്റെ സുരക്ഷിതത്വവും പ്രതിരോധ വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള വാക്സിന്റെ ശേഷിയും പരിശോധിച്ചു. ഇരട്ട ഡോസ് നൽകിയ പത്ത് പേരിൽ പ്രതിരോധ ശക്തി കൂടുതലാണെന്ന് കണ്ടു. 56 ദിവസത്തെ നിരീക്ഷണത്തിന്റെ ഫലമാണ് കഴിഞ്ഞ ദിവസം മെഡിക്കൽ ജേർണലായ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ചത്.

 ആദ്യ ഡോസിൽ തന്നെ മനുഷ്യശരീരത്തിൽ കൊവിഡ് വൈറസിനെതിരായ ആന്റിബോഡിയും വൈറസ് ബാധിച്ച കോശങ്ങളെ തിരഞ്ഞുപിടിച്ച് നശിപ്പിക്കുന്ന ടി - കോശങ്ങളും രൂപപ്പെട്ടു. വാക്സിനേഷന്റെ 14ാം ദിവസം പരമാവധി അളവിൽ രൂപപ്പെട്ട ടി - കോശങ്ങൾ 56ാം ദിവസം വരെ അതേ അളവിൽ തുടർന്നു. പിന്നെ കുറഞ്ഞു.

 വാക്സിനേഷന്റെ 28ാം ദിവസം ആന്റിബോഡി പരമാവധി അളവിലെത്തി. 56ാം ദിവസം വരെ അതേ അളവിൽ. ബൂസ്റ്റർ ഡോസിൽ ആന്റിബോഡി വീണ്ടും വർദ്ധിച്ചു.

 1077 പേരിൽ 91ശതമാനവും വെളുത്ത വർഗക്കാരായിരുന്നു. ഇനി പ്രാദേശിക ജനവിഭാഗങ്ങളിലും വ്യത്യസ്‌ത വർഗ്ഗ,​ വംശങ്ങളിൽ പെട്ടവരിലും പ്രായം ചെന്നവരിലും പരീക്ഷിക്കണം. ബ്രിട്ടൻ,​ ബ്രസീൽ,​ ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ രണ്ടും മൂന്നും ഘട്ടങ്ങളിലെ ട്രയലിന് ഇത്തരക്കാരെയാണ് തിരഞ്ഞെടുക്കുക.

 ഇന്ത്യയിലും ഓക്സ്‌ഫോ‌ഡ് വാക്‌സിൻ ക്ലിനിക്കൽ ട്രയൽ നടത്തും. സിറം ഇൻസ്റ്റിറ്റ്യൂട്ടിനാണ് ചുമതല. വാക്സിന്റെ നൂറ് കോടി ഡോസുകൾ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിൽ നിർമ്മിക്കും.

രണ്ടാം ഘട്ടം

ചൈനയിലും

ചൈനയിൽ ഇതേ വാക്സിൻ ഏപ്രിലിൽ 500 പേരിൽ പരീക്ഷിച്ചു. സുരക്ഷിതമാണെന്നും പ്രതിരോധ വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതായും തെളിഞ്ഞു.

മൂന്നാം ഘട്ടം

ആഗോളം

ബ്രിട്ടനിൽ 10,​000 പേരിലും അമേരിക്കയിൽ 30,​000 പേരിലും ബ്രസീലിൽ 5000 പേരിലും ദക്ഷിണാഫ്രിക്കയിൽ 2​000 പേരിലും പരീക്ഷിക്കും. ഇതിൽ ദരിദ്ര ജനങ്ങളിലെ പരീക്ഷണമാണ് ബ്രസീലിലും ദക്ഷിണാഫ്രിക്കയിലും.


റഷ്യൻ വാക്സിനും

ഉഷാർ

റഷ്യൻ പ്രതിരോധമന്ത്രാലയം വികസിപ്പിച്ച കൊവിഡ് വാക്സിൻ ഉപയോഗക്ഷമമാണെന്ന് ഒന്നാം ഡെപ്യൂട്ടി പ്രതിരോധമന്ത്രി റുസ്‌ലൻ സാലികോവ് പറഞ്ഞു. തിങ്കളാഴ്ച രണ്ടാം ഘട്ട ക്ലിനിക്കൽ ട്രയൽ പൂർത്തിയായി. റഷ്യ,​ സൗദി അറേബ്യ,​ യു. എ. ഇ എന്നിവിടങ്ങളിലായി ആയിരക്കണക്കിന് ആളുകളിൽ പരീക്ഷിക്കുന്ന മൂന്നാംഘട്ട ക്ലിനിക്കൽ ട്രയൽ ആഗസ്റ്റ് 3ന് ആരംഭിക്കും.