world-covid-updates

ജനീവ: കൊവിഡ് വാക്സിൻ പൊതുനന്മയ്ക്കായി ലഭ്യമാക്കാൻ ലോകമെമ്പാടുമുള്ള രാഷ്ട്രീയ നേതാക്കൾ ശ്രമിക്കണമെന്ന് ലോകാരോഗ്യ സംഘടന നേതാവ് ടെഡ്രോസ് അദാനോം.

സ്വിറ്റ്സർലാൻഡിൽ ലോകാരോഗ്യ സംഘടന ആസ്ഥാനത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ നാനാതുറയിൽപ്പെട്ടവർക്കും വാക്സിൻ തുല്യമായി വിതരണം ചെയ്യുക എന്നത് പ്രാവർത്തികമാക്കാൻ രാഷ്ട്രീയ പ്രതിബദ്ധതയുള്ള നമ്മുടെ നേതാക്കൾക്ക് സാധിക്കും. വാക്സിനെ ബിസിനസായി കാണരുത്. ആഗോള പൊതുനന്മയ്ക്കുള്ള ഉത്പന്നമായി കാണണം. ദരിദ്ര രാജ്യങ്ങൾക്കടക്കം വാക്സിൻ ലഭ്യമാക്കിയാൽ, അത് കൊവിഡ് മൂലമുണ്ടായ സാമ്പത്തിക ആഘാതത്തെ എത്രയും വേഗം പരിഹരിക്കാൻ സാധിക്കും. - അദ്ദേഹം പറഞ്ഞു.

അതേസമയം, വാക്സിൻ പരീക്ഷണങ്ങൾ ലോകരാജ്യങ്ങളിൽ മുറയ്ക്ക് നടക്കുമ്പോഴും കൊവിഡ് ഗ്രാഫ് മുകളിലേക്ക് തന്നെ ഉയരുകയാണ്. ലോകത്ത് രോഗികളുടെ എണ്ണം ഒന്നരക്കോടിയിലേക്ക് അടുത്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,04,017 പുതിയ കേസുകൾ. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും കൊവിഡ് കേസുകൾ ദിനംപ്രതി കുതിച്ചുയരുകയാണ്. അമേരിക്കയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 62,000 ത്തിലേറെ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.