ബീജിംഗ്: നാലുനിലക്കെട്ടിടത്തിലെ രണ്ടാംനിലയിലുള്ള വീട്ടിലേക്ക് പോകാൻ ലിഫ്റ്റിൽ കയറിയ 82 വയസുള്ള അമ്മയും 64കാരി മകളും ലിഫ്റ്റിനുള്ളിൽ കുടുങ്ങിക്കിടന്നത് നാലുദിവസം. ഈ ദിവസങ്ങളിൽ പരസ്പരം മൂത്രം ശേഖരിച്ച് കുടിച്ചാണ് ഇരുവരും ജീവൻ നിലനിറുത്തിയത്.
ചൈനയിലെ നോർത്ത് വെസ്റ്റ് പ്രവിശ്യയായ ഷാങ്സിയിലാണ് സംഭവം.
ലിഫ്റ്റ് പെട്ടെന്ന് കേടായതാണ് ഇവർക്ക് വിനയായത്. കയ്യിൽ ഫോൺ ഇല്ലാത്തതിനാൽ ആരെയും വിളിച്ച് കാര്യം അറിയിക്കാനായില്ല.
മറ്റുവഴികളൊന്നും ഇല്ലാതെ ലിഫ്റ്റിനകത്തായതോടെയാണ് ജീവൻ നിലനിറുത്താൻ ഇരുവരും മൂത്രം കുടിക്കാനാരംഭിച്ചത്. 96 മണിക്കൂറുകൾക്ക് ശേഷം ഫയർഫോഴ്സ് എത്തിയാണ് ഇരുവരെയും ലിഫ്റ്റിൽ നിന്ന് മോചിപ്പിച്ചത്. അവശനിലയിൽ ആശുപത്രിയിലായ ഇവർ ഡിസ്ചാർജ് ആയതിന് ശേഷം ഡോക്ടർമാരാണ് സംഭവം പുറത്തുവിട്ടത്. രണ്ട് പേരുടെയും ആരോഗ്യനില ഭേദമായെന്നാണ് റിപ്പോർട്ടുകൾ.
വീട്ടിലെ രണ്ടാം നിലയിലേക്ക് പോകുന്നതിനായി ഇരുവരും ലിഫ്റ്റിൽ കയറിയപ്പോഴായിരുന്നു തകരാറായതും കുടുങ്ങിയതും. ഭക്ഷണവും വെള്ളവും ഇല്ലാതെ വന്നതോടെ നിർജ്ജലീകരണം ഒഴിവാക്കാനാണ് ഇവർ പരസ്പരം മൂത്രം കുടിക്കാൻ തുടങ്ങിയത്. കൈക്കുമ്പിളിൽ മൂത്രം ശേഖരിച്ചാണ് കുടിച്ചത്.
ലിഫ്റ്റിനുള്ളിൽ വായു ലഭിക്കാനായി ലിഫ്റ്റിലെ ബൾബ് തകർത്താണ് ഇവർ വഴികണ്ടെത്തിയത്. അമ്മ മകളുടെ തോളിൽ ചവിട്ടിക്കയറി മുകളിലെ ലൈറ്റ് തകർത്ത് ഒരു ഇലക്ട്രിക് വയർപുറത്തെടുത്ത് ലിഫ്റ്റിന്റെ വാതിലിൽ ചെറിയൊരു വിടവ് വരുത്തുകയായിരുന്നു.
മൂന്ന് പകലും നാല് രാത്രിയും ലിഫ്റ്റിൽ കഴിഞ്ഞ അമ്മയും മകളും നാലാം ദിനമാണ് രക്ഷപ്പെടുന്നത്. ലിഫ്റ്റിലെ വിടവ് കുറച്ച് കൂടി വലുതാക്കി ഇവർ സഹായത്തിനായി നിവിളിക്കുകയായിരുന്നു. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥരെത്തി രക്ഷപ്പെടുത്തിയ ഇവരെ ഷിയാൻ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി. അവിടുത്തെ ഡോക്ടർമാരാണ് വിവരം മാദ്ധ്യമങ്ങളെ അറിയിച്ചത്