തിരുവനന്തപുരം (പാറശാല): മകളുടെ ആത്മഹത്യയ്ക്ക് കാരണക്കാരായവരെ നിയമത്തിന് മുന്നിൽകൊണ്ടുവരാൻ മാതാപിതാക്കൾ അലയാത്ത സ്ഥലങ്ങളില്ല, മുട്ടാത്ത വാതിലുകളില്ല. സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകൾ പ്രകാരം നെയ്യാറ്റിൻകര ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ കേസ് എടുത്തെങ്കിലും തുടർ നടപടികൾ ഇഴയുകയാണെന്നാണ് ബന്ധുക്കളുടെ ആരോപണം. മഞ്ചവിളാകം ഇലിപ്പോട്ടുകോണം ദിലീപ് വിലാസത്തിൽ രാധികയെയാണ് (24) കഴിഞ്ഞ വർഷം ആഗസ്റ്റ് 26ന് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
നെയ്യാറ്റിൻകര കുളത്താമ ഗുരുനഗർ സ്വദേശിയാണ് രാധികയുടെ ഭർത്താവ്. പ്രണയിച്ച് വിവാഹിതരായ ഇവരുടെ ദാമ്പത്യജീവിതത്തിൽ ഒരു വർഷം തികയും മുമ്പേ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. ഭർത്താവ് മദ്യപിച്ചെത്തി മർദ്ദിക്കാറുണ്ടെന്നും, സ്ത്രീധനത്തിന്റെ പേരിൽ അസഭ്യം പറയാറുണ്ടെന്നും കാട്ടി പന്ത്രണ്ടോളം പരാതികളാണ് മാരായമുട്ടം പൊലീസിനും, ഡിവൈ.എസ്.പിക്കും, നെയ്യാറ്റിൻകര വനിതാ സെല്ലിലുമായി യുവതി നൽകിയിരുന്നത്. ഇവയിൽ ഒരു പരാതിക്കെങ്കിലും പൊലീസ് ശ്രദ്ധ നൽകിയിരുന്നെങ്കിൽ തങ്ങളുടെ മകൾ ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നുവെന്ന് രാധികയുടെ അച്ഛനും അമ്മയും നിറകണ്ണുകളോടെ പറയുന്നു. ചായ്‌ക്കോട്ടുകോണം അമ്പലം ജംഗ്ഷനിൽ മുറുക്കാൻ കട നടത്തുന്ന സുരേന്ദ്രന്റെയും കൈത്തറി തൊഴിലാളിയായ ലീലയുടെയും രണ്ട് മക്കളിൽ ഇളയവളാണ് രാധിക.
പ്ലസ്ടുവും, ഐ.ടി.ഐ യും കഴിഞ്ഞ് ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി നോക്കുകയായിരുന്നു. ഇതിനിടെയാണ് ഡ്രൈവറായ യുവാവ് രാധികയുടെ വീടിന് സമീപം കുറച്ച് സ്ഥലം വാങ്ങിയത്. ഇവിടെ വന്ന് പോകുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നതും തുടർന്ന് വിവാഹിതരാകുന്നതും. വീട്ടുകാരെ അറിയിക്കാൻ മടിച്ചു ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തെങ്കിലുംസ്വന്തം ഇഷ്ടപ്രകാരമുള്ള വിവാഹം ആയതിനാൽ ഈ വിവരങ്ങൾ വീട്ടുകാരെ രാധിക അറിയിച്ചിരുന്നില്ല., തുടർന്ന് പ്രശ്നങ്ങൾ കേട്ടറിഞ്ഞ രാധികയുടെ പിതാവ് സുരേന്ദ്രൻ ഭർതൃവീട്ടുകാരുമായി സംസാരിച്ച് പ്രശ്നം അവസാനിപ്പിക്കാൻ ശ്രമിച്ചിരുന്നു.
ഇതിന്റെ ഭാഗമായി ഒരു മാല വാങ്ങി നൽകുകയും വിട് വയ്ക്കാനായി സ്ഥലം വാങ്ങി നൽകാമെന്ന് ഉറപ്പ് കൊടുക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷവും പ്രശ്നങ്ങൾ അവസാനിച്ചില്ല. തുടർന്ന് മാരായമുട്ടം പൊലീസിൽ പരാതി നൽകി. പരിഹാരമാവാതെ വന്നതോടെ വനിതാ സെല്ലിൽ പരാതി നൽകി. എന്നാൽ, വനിതാ സെല്ലിൽ നിന്നുള്ള നിർദേശത്തിന് ഭർത്താവ് ചെവികൊടുത്തില്ലത്രേ. തുടർന്ന് രാധിക സ്വന്തം വീട്ടിൽ മടങ്ങിയെത്തി. പൊലീസിന്റെ മദ്ധ്യസ്ഥതയിൽ ഭർത്താവ് രാധികയുടെ വീട്ടിൽ താമസമാക്കി. അവിടെയും പ്രശ്നങ്ങൾ പതിവായി. പിന്നീട് ഭർത്താവ് വീട്ടിൽ നിന്നും മടങ്ങിയശേഷം മറ്റാരുമില്ലാത്ത അവസരത്തിലാണ് രാധിക ജീവനൊടുക്കിയത്.
ആത്മഹത്യാക്കുറിപ്പ്...
മകളുടെ ആത്മഹത്യാ കുറിപ്പുമായി ഉന്നത പൊലീസ് അധികാരികളെ നിരവധി തവണ സമീപിച്ചിട്ടും പിതാവിന്റെ ശ്രമങ്ങൾ ഒന്നും ഫലം കണ്ടില്ല. "ഞാൻ പോകുന്നു. നാണംകെട്ട് തലകുനിച്ച് ജീവിക്കാൻ വയ്യ, എന്റെ താലി അവർ പൊട്ടിച്ചെടുത്തു, എരപ്പത്തിയെന്നും, പിച്ചക്കാരിയെന്നും വിളിച്ചു. ഒന്നുമില്ലാത്തവളെന്ന് ആക്ഷേപിച്ചു. ഇനി ആരുടെയും മുമ്പിലും തലകുനിച്ച് ജീവിക്കാൻ വയ്യ. സ്ത്രീധനം കുറഞ്ഞതിന് ഒരുപാട് അനുഭവിച്ചു. എന്റെ മനസിലിരിപ്പ് കാരണമാണ് ജീവിതം ഇങ്ങനെ ആയതെന്നാണ് ആക്ഷേപം. അതിനായി എന്തു തെറ്റാണ് ഞാൻ ചെയ്തതെന്ന് അറിയില്ല. അപമാനം സഹിച്ച് ഇനി വയ്യ. എന്റെ മരണത്തിന് ഉത്തരവാദികൾ അവരാണ്. അവർ സുഖമായി ജീവിക്കട്ടെ. ഈ താലി അവർക്ക് തിരികെ കൊടുക്കണം..." രണ്ട് ബുക്കുകളിലായി രാധിക എഴുതിയിരുന്ന ആത്മഹത്യ കുറിപ്പിലെ ഏതാനും ചില വരികളാണിവ.
അതേസമയം, സംഭവം നടന്ന് ഒരു വർഷമാകുമ്പോഴും പൊലീസ് നടപടി ഇഴയുന്നതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്. ഭർത്താവ് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നതെങ്കിലും ഇയാളെ പലയിടത്തും കണ്ടതായി നാട്ടുകാർ പറയുന്നു. ആ വിവരം പൊലീസിൽ അറിയിച്ചിട്ടും നടപടിയുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. അന്വേഷണം ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് രാധികയുടെ ബന്ധുക്കളും നാട്ടുകാരും ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.