കോട്ടയം: മണർകാട് ക്രൗൺ ക്ലബ് ചീട്ടുകളി നടത്തിപ്പുകാർക്ക് പൊലീസുമായി വഴിവിട്ട ബന്ധം ഉണ്ടെന്ന ആരോപണത്തെ തുടർന്ന് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നല്കാൻ ഡി.ജി.പി ലോക്‌നാഥ് ബഹ്റ ഉത്തരവിട്ടു. സംഭവത്തിൽ രഹസ്യാന്വേഷണം നടത്താൻ സംസ്ഥാന അഡീഷണൽ ഡി.ജി.പിക്കും (ഇന്റലിജൻസ്) നിർദ്ദേശം നല്കിയിട്ടുണ്ട്. ഇതോടെ മണർകാട് എസ്.എച്ച്.ഒയ്ക്കെതിരെ നടപടി ഉണ്ടാവുമെന്ന് ഉറപ്പായി. മണർകാട് പൊലീസിനെ മാറ്റി നിർത്തി ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് തന്റെ ഗുഡ് ബുക്കിലുള്ള മൂന്ന് ഡിവൈ.എസ്.പി മാരെ വിളിച്ചുവരുത്തി വളരെ രഹസ്യമായാണ് റെയ്ഡ് നടത്താൻ നിർദ്ദേശിച്ചത്. റെയ്ഡിൽ 18 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തിരുന്നു. കൂടാതെ 43പേരെ അറസ്റ്റ് ചെയ്‌തു.
ഇതിനിടയിൽ റെയ്ഡിന് ചുക്കാൻ പിടിച്ചത് പാമ്പാടി സി.ഐ ആണെന്ന് കേസിൽ പ്രതിയായ മാലം സുരേഷിനോട് മണർകാട് സി.ഐ പറയുന്നതും കേസിന് വേണ്ട നിർദ്ദേശങ്ങൾ ഇയാൾക്ക് നല്കുന്നതുമായുള്ള ഫോൺ സംഭാഷണം നവമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഇത് ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിനും ലഭിച്ചിട്ടുണ്ട്. ക്ലബിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന തന്റെ സ്ഥാപനത്തിൽ നിന്നാണ് 18 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തതെന്ന് പറയണമെന്നും അത് കേസിന് ബലം നല്കുമെന്നുമാണ് മണർകാട് സി.ഐ പ്രതിക്ക് നിയമോപദേശം നല്കിയത്. കൂടാതെ ഹൈക്കോടതിയിൽ പോവണമെന്നും നിർദ്ദേശിച്ചിരുന്നു. മണർകാട് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥർക്ക് 10,000 മുതൽ 25,000 രൂപ വരെ മാസപ്പടി, ക്ലബ് നല്കുന്നുണ്ട്. ഇഷ്ടക്കാരെ മണർകാട് സ്റ്റേഷനിൽ നിലനിർത്താനും മറ്റ് സ്റ്റേഷനുകളിൽ നിന്നും മണർകാട് സ്റ്റേഷനിലേക്ക് കൊണ്ടുവരാനും ചീട്ടുകളി കേന്ദ്രം നടത്തിപ്പുകാർ ശ്രമിച്ചിരുന്നു. ഇതിന് പൊലീസിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കുകയും ചെയ്തിട്ടുണ്ടത്രേ.
മാലം സുരേഷിന്റെ പ്രവർത്തനങ്ങൾക്കെതിരെ നടപടിയെടുത്ത പാമ്പാടി സ്റ്റേഷനിലെ മുൻ സി.ഐയെ കള്ളക്കേസിൽ കുരുക്കിയതാണന്ന് ഇപ്പോൾ തീർച്ചയായിട്ടുണ്ട്. ചീട്ടുകളി കേന്ദ്രം നടത്തിപ്പുകാരായ മണർകാട് വാവത്തിൽ കെ.വി സുരേഷ് (മാലം സുരേഷ്-48), കുറുമുള്ളൂർ വടക്കുംകര സന്തോഷ് (45) എന്നിവർക്കെതിരെ മുമ്പ് കോസെടുത്തിരുന്നു. പകർച്ചവ്യാധി നിരോധന നിയമം, ചീട്ടുകളി നിയമം എന്നിവ പ്രകാരമാണ് കേസ്.