കാബൂൾ: അഫ്ഗാനിസ്ഥാനിൽ നടന്ന ചാവേറാക്രമണത്തിൽ എട്ട് അഫ്ഗാൻ പട്ടാളക്കാർ കൊല്ലപ്പെട്ടു. 9 സൈനികർക്ക് പരിക്കേറ്റു. വാർഡാക് പ്രവിശ്യയിലെ സയ്യിദ് അബാദിൽ ബോംബുകളുമായി കാറിലെത്തിയ താലിബാൻ ചാവേർ പട്ടാളക്കാർക്ക് നേരെ കാർ ഓടിച്ചുകയറ്റുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലുണ്ടാക്കിയ കരാർ പ്രകാരം ജയിലിലായ നൂറുകണക്കിന് താലിബാൻ തീവ്രവാദികളെ വിട്ടുകൊടുക്കാത്തതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ ചാവേറാക്രമണം. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ സംഭവമാണ്. താലിബാൻ ഇസ്ളാമിക് തീവ്രവാദ സംഘടന ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്തമെന്നും ദേശവ്യാപകമായി അക്രമം നടത്തുകയാണ് അവരുടെ ലക്ഷ്യമെന്നും അഫ്ഗാനിസ്ഥാൻ ആഭ്യന്തരമന്ത്രാലയം പറഞ്ഞു. അറുന്നൂറിലധികം താലിബാൻ തീവ്രവാദികളാണ് ഇവിടെ വിവിധ ജയിലുകളിൽ കഴിയുന്നത്. ഇവരെ പുറത്തുവിടുന്നതുമായും വിദേശ സൈന്യത്തെ പിൻവലിക്കുന്നതുമായും ബന്ധപ്പെട്ട് യു.എസും താലിബാനും തമ്മിൽ ഒരു കരാർ ഒപ്പുവച്ചിരുന്നു. അതിന്മേൽ അഫ്ഗാൻ സർക്കാരും തീവ്രവാദ സംഘടനകളും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ നിലനിൽക്കുന്നതാണ് നിലവിലെ ചാവേറാക്രമണങ്ങൾക്ക് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.