സ്‌റ്റോക്ക്ഹോം : കാലാവസ്ഥാ വ്യതിയാനത്തെ നിയന്ത്രിക്കാനാകാതെ വന്നാൽ ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ധ്രുരക്കരടികളെല്ലാം ഭൂമിയിൽ നിന്നും അപ്രത്യക്ഷമായേക്കാമെന്ന് മുന്നറിയിപ്പ്.
ആർട്ടിക് പ്രദേശത്തെ മഞ്ഞ് ക്രമാതീതമായ ഉരുകുന്നതിനാൽ ഇപ്പോൾ തന്നെ ധ്രുവക്കരടികൾ ഭീഷണിയുടെ വക്കിലാണ്. ആർട്ടിക് പ്രദേശത്ത് ജീവിക്കുന്ന സീലുകൾ ഉൾപ്പെടെയുള്ള കടൽ ജീവികളാണ് ധ്രുവക്കരടികളുടെ പ്രധാന ആഹാരം. എന്നാൽ ആഗോള താപനത്തിന്റെ ഫലമായി ഇവിടുത്തെ മഞ്ഞ് പാളികൾ ഉരുകുന്നതിനാൽ സീലുകൾ ഉൾപ്പെടെയുള്ളവ ഉൾഭാഗങ്ങളിലേക്ക് ചേക്കെറുന്നു. ഇതോടെ ആർട്ടിക് ദ്വീപുകളിൽ ഒറ്റപ്പെട്ട് പോകുന്ന ധ്രുവക്കരടികൾ ഭക്ഷണം കിട്ടാതെ അലയേണ്ട സ്ഥിതിയാണുള്ളത്. മഞ്ഞ് ഉരുകുന്നതോടെ ധ്രുവക്കരടികളുടെ വാസസ്ഥാനമാണ് ഇല്ലാതാകുന്നത്.
ആർട്ടിക് മഞ്ഞ് അപ്രത്യക്ഷമാകുന്നതിനൊപ്പം തന്നെ ധ്രുവക്കരടികളുടെ എണ്ണവും കുറയുന്നതായാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. നേച്ചർ ക്ലൈമറ്റ് ചേഞ്ച് മാസികയിലാണ് ധ്രുവക്കരടികളെ പറ്റിയുള്ള പുതിയ പഠനങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം ധ്രുവക്കരടികളുടെ ശരീരത്തിലെ ഊർജ്ജം കുറയ്ക്കുന്നു. ഇവയുടെ ശരീരത്തിൽ കൊഴുപ്പ് ഉത്പാദിപ്പിക്കപ്പെടുന്നതും ഗണ്യമായി കുറഞ്ഞ് വരും. ധ്രുവക്കരടികളുടെ കുഞ്ഞുങ്ങളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുക. ആർട്ടികിന്റെ ചില ഭാഗങ്ങളിലെ ധ്രുവക്കരടികൾ ഈ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.
ഹരിത ഗൃഹ വാതകങ്ങളുടെ ഉപയോഗം മനുഷ്യന് കുറയ്ക്കാൻ സാധിച്ചില്ലെങ്കിൽ 2100 ഓടെ ധ്രുവക്കരടികൾ ഭൂമിയിൽ നിന്നും അപ്രത്യക്ഷമാകുമെന്നാണ് പഠനങ്ങളിൽ കണ്ടെത്തിയിരിക്കുന്നത്. 2010ന് ശേഷം ധ്രുവക്കരടികളുടെ എണ്ണത്തിൽ 20 ശതമാനത്തിലേറെ കുറവാണ് ഉണ്ടായിരിക്കുന്നത്.