സിംഗപ്പൂർ: 14 കാലുകൾ, 50 സെന്റിമീറ്ററോളം നീളം, സിനിമകളിലെ അന്യഗ്രഹ ജീവികളുടേതിന് സമാനമായ വലിയ തല... ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നും കണ്ടെത്തിയ അപൂർവ ജീവിയുടെ വിശേഷണങ്ങളാണിവ. അമ്പമ്പോ! എന്തൊരു ഭീകരൻ എന്നു കരുതാൻ വരട്ടെ. ഒരു പാവം കടൽപ്പാറ്റയാണിത്. ശാസ്ത്രീയനാമം 'ബാതിനോമസ് രക്‌സാസ'.
സിംഗപ്പൂരിലെ ഒരുകൂട്ടം സമുദ്ര ഗവേഷകരാണ് 14 കാലുകളുള്ള ഭീമൻ കടൽ പാറ്റയെ കണ്ടെത്തിയത്. ഇന്തോനീഷ്യയിലെ ജാവാ തീരത്തിനു സമീപത്ത് നിന്നും ഡാർത്ത് വേഡർ അഥവാ കടൽപ്പാറ്റ എന്നറിയപ്പെടുന്ന ജീവിയെ 2018 കണ്ടെത്തിയിരുന്നു. ഹെൽമെറ്റ് ധരിച്ചതുപോലെയായിരുന്നു ഈ ജീവിയുടെ തല.
പിന്നീട് രണ്ട് വർഷത്തോളം സിംഗപ്പൂർ നാഷണൽ യൂണിവാഴ്സിറ്റി നടത്തിയ മറൈൻ സർവേയിലാണ് ഉൾക്കടലിൽ നിന്നും പുതിയ അപൂർവ്വ ജീവിയെ ലഭിച്ചത്.
ജൂലായ് 8 ന് പ്രസിദ്ധീകരിച്ച ‘സൂകീ’ എന്ന ജേർണലിലാണ് ഈ ജീവിയെക്കുറിച്ചുള്ള വിശദവിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്.
14 ദിവസം നീണ്ട ഗവേഷകരുടെ യാത്രയിൽ 12,000 ഉൾക്കടൽ ജീവികളെ പഠനത്തിനായി ശേഖരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. അക്കൂട്ടത്തിലാണ് ഗവേഷകരെ അമ്പരപ്പിച്ച് കടൽ പാറ്റ എത്തുന്നത്. കടലിന്റെ അടിത്തട്ടിലാണ് ഇവ കാണപ്പെടുന്നത്. 50 സെന്റീമീറ്ററോളം നീളമുണ്ട് കടൽപ്പാറ്റകൾക്ക്. ഗവേഷകർ പകർത്തിയ ഭീമൻ കടൽപ്പാറ്റയുടെ ചിത്രം ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.
പുതിയ സ്പീഷ്യസ്
ഇതൊരു പുതിയ സ്പീഷ്യസ് ആണെന്നും സൂപ്പർ ജയന്റ്സ് വിഭാഗത്തിലാണ് ഇവയെ ഉൾപ്പെടുത്തുന്നതെന്നും ഗവഷകരായ പീറ്ററും സംഘവും പറഞ്ഞു. കടലിന്റെ അടിത്തട്ടിലാണ് ഇവയെ കാണുന്നത്. ഇതുവരെ കണ്ടെത്തിയ ഇത്തരം ജീവികളിൽ വലിപ്പത്തിൽ രണ്ടാംസ്ഥാനമാണ് ഈ കടൽപ്പാറ്റയ്ക്ക്. കടൽപ്പാറ്റയെന്നാണ് വിളിക്കുന്നതെങ്കിലും ഞണ്ടുകളോടും കൊഞ്ച് വർഗത്തിലുള്ള ജീവികളോടുമാണ് ഇവയ്ക്ക് കൂടുതൽ സാമ്യമെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. കടൽജീവികളുടെ മൃതശരീരങ്ങളുടെ സമീപമാണ് ഇവയെ പ്രധാനമായും കാണപ്പെടുന്നത്. ഏറെക്കാലം ഭക്ഷണമില്ലാതെ ജിവിക്കാനും കഴിയും.