കൊച്ചി: ആഭരണപ്രിയരെ ആശങ്കയിലാഴ്‌ത്തി സ്വർണവില റെക്കാഡ് മുന്നേറ്റം തുടരുന്നു. സംസ്ഥാനത്ത് പവൻ വില ഇന്നലെ 160 രൂപ വർദ്ധിച്ച് 36,760 രൂപയായി. 20 രൂപ വർദ്ധിച്ച് 4,595 രൂപയാണ് ഗ്രാം വില. ശമനമില്ലാതെ വ്യാപിക്കുന്ന കൊവിഡ് ഭീതി, ആഗോളതലത്തിൽ സമ്പദ്‌വ്യവസ്ഥയെ തളർത്തുന്നതിനാൽ നിക്ഷേപകർ സുരക്ഷിതതാവളമായി കണ്ട് സ്വർണത്തിലേക്ക് ചേക്കേറുന്നതാണ് വിലക്കയറ്റത്തിന് കാരണം.
രാജ്യന്തരവില ഇന്നലെ ഔൺസിന് 1,820 ഡോളർവരെ ഉയർന്നു. 2011 സെപ്‌തംബറിന് ശേഷമുള്ള ഏറ്രവും ഉയർന്ന വിലയാണിത്. വില വൈകാതെ 1,830-1,850 ഡോളർ നിരക്കിലേക്ക് എത്തുമെന്നാണ് വിലയിരുത്തലുകൾ. അങ്ങനെയെങ്കിൽ, കേരളത്തിൽ പവൻ വില 38,000 രൂപവരെ എത്താം. ആഭരണങ്ങളല്ല, ഗോൾഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളാണ് (ഗോൾഡ് ഇ.ടി.എഫ്) നിക്ഷേപം വാരിക്കൂട്ടുന്നത്. ലോകത്തെ ഏറ്രവും വലിയ ഗോൾഡ് ഇ.ടി.എഫായ എസ്.പി.ഡി.ആർ ഗോൾഡ് ട്രസ്‌റ്റിലെ നിക്ഷേപം ഇന്നലെ 0.4 ശതമാനം ഉയർന്ന് 1,211.86 ടണ്ണിലെത്തി.
₹36,760
പവൻ വില ഇന്നലെ 160 രൂപ വർദ്ധിച്ച് 36,760 രൂപയായി.
₹4,595
ഗ്രാമിന് 20 രൂപ ഉയർന്ന് 4,595 രൂപ.
₹7,760
ഈവർഷം ഇതുവരെ പവന് കൂടിയത് 7,760 രൂപ. ഗ്രാമിന് 970 രൂപ.
₹40,000
മൂന്നു ശതമാനം ജി.എസ്.ടി., 0.25 ശതമാനം സെസ്, കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി എന്നിവ കൂടിച്ചേർത്താൽ കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാൻ 40,000 രൂപയെങ്കിലും നൽകണം.