കൊച്ചി: സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്നാ സുരേഷിന് വൻ സ്വത്തെന്ന് എൻ ഐ എയുടെ റിമാൻഡ് റിപ്പാേർട്ട്. പല ബാങ്കുകളിലും ധനകാര്യ സ്ഥാപങ്ങളിലും സ്വപ്നയുടെപേരിൽ വൻ നിക്ഷേപമാണുളളത്. ഇതിനുപുറമേ വിവിധ ലോക്കറുകളിൽ സ്വർണവും പണവും സൂക്ഷിച്ചിട്ടുണ്ടെന്നും ഇവ പരിശോധിക്കുകയാണെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. സ്വപ്നയ്ക്ക് ആറ് ഫോണുകളും രണ്ട് ലാപ് ടോപ്പുകളുമാണ് ഉളളത്. ഇതിൽ രണ്ട് ഫോണുകൾ ഫേസ് ലോക്ക് ഉപയോഗിച്ച് തുറന്നിട്ടുണ്ട്. ഇതിൽ സ്വർണക്കടത്തിന്റ വിശദാംശങ്ങളാണ് ഉളളത്.
ടെലഗ്രാം ചാറ്റുവഴിയായിരുന്നു സംഘത്തിന്റെ ആശയവിനിമയം. പിടിക്കപ്പെടുമെന്നായപ്പോൾ ഡിലീറ്റ് ചെയ്ത ചില ചാറ്റുകൾ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ വീണ്ടെടുത്തിട്ടുണ്ട്. സ്വർണക്കടത്തുകേസിൽ കൂടുതൽ പ്രതികളുണ്ടെന്നും ഗൂഢാലോചന നടന്നത് തിരുവനന്തപുരം ഉൾപ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വച്ചാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ചോദ്യം ചെയ്യലിലാണ് സ്വപ്നയും സന്ദീപും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. റമീസിന് സ്വർണക്കടത്തിൽ പ്രധാനപങ്കുണ്ടെന്നും ഇയാൾക്ക് വിപുലമായ കളളക്കടത്ത് ശൃഖല ഉണ്ടെന്നും സ്വപ്നയും സന്ദീപും വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ റമീസിനെ പ്രതിചേർക്കാനുളള നടപടികൾ ആരംഭിച്ചിട്ടുണ്ട്.