ഇസ്ലാമാബാദ്: ഇന്ത്യയ്ക്ക് പിന്നാലെ ചൈനീസ് സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ടിക്ടോക് നിരോധിക്കാനാരുങ്ങി പാകിസ്ഥാനും. ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ടിക്ടോകിന് പാക് സർക്കാർ അന്ത്യശാസനം നൽകിയെന്നാണ് റിപ്പോർട്ടുകൾ. ചൈനീസ് നിയന്ത്രണത്തിലുള്ള ഗെയിമിംഗ് ആപ്ലിക്കേഷനായ പബ്‌ജിയും സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൈവ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ബിഗോയും പാകിസ്ഥാൻ നിരോധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ടിക്ടോക് നിരോധിക്കാനുള്ള നീക്കം.
ടിക്ടോക് വഴി അശ്ലീലവും സദാചാരവിരുദ്ധവുമായ വീഡിയോകൾ പ്രചരിക്കുന്നു എന്നതാണ് പാകിസ്ഥാന്റെ ആരോപണം.
ബിഗോയിലൂടെയും ടിക് ടോകിലൂടെയും 'സദാചാരവിരുദ്ധവും അശ്ലീലവുമായ' വിവരങ്ങൾ പ്രചരിക്കുന്നുണ്ടെന്ന് പരാതിയുണ്ടെന്നും ഈ ആപ്പുകളിലെ വിവരങ്ങൾ പൊതുസമൂഹത്തിലും പ്രത്യേകിച്ച് യുവാക്കളിലും തെറ്റായ സ്വാധീനമുണ്ടാക്കുമെന്ന് പാകിസ്ഥാൻ ടെലികമ്യൂണിക്കേഷൻ അതോറിറ്റി അറിയിച്ചു. രാജ്യത്തെ നിയമങ്ങൾക്കും സദാചാര പരിധികൾക്കും അനുസരിച്ച് ആപ്പുകളിലെ വിവരങ്ങൾ നിയന്ത്രിക്കണമെന്ന് കമ്പനികളെ അറിയിച്ചിട്ടുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി.
എന്നാൽ കമ്പനികൾ നൽകിയ വിശദീകരണം തൃപ്‌തികരമല്ലാത്തതിനാൽ നടപടി സ്വീകരിക്കുകയാണെന്ന് അധികൃതർ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബിഗോ ആപ്പ് നിരോധിച്ചത്. ടിക്ടോകിന് അവസാന മുന്നറിയിപ്പ് കൊടുത്തതായും പാകിസ്ഥാൻ വ്യക്തമാക്കി. ഏതാനും ആഴ്ചകൾക്ക് മുൻപ് ഇന്ത്യ ടിക്ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. വ്യക്തികളുടെ സ്വകാര്യതയും രാജ്യസുരക്ഷയും അപകടത്തിലാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആപ്ലിക്കേഷനുകളുടെ നിരോധനം.