മുംബയ്: രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതി നളിനി ശ്രീഹരൻ വെല്ലൂർ വനിതാ ജയിലിലെ സെല്ലിൽ തിങ്കളാഴ്ച രാത്രി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി അവരുടെ അഭിഭാഷകൻ പുകഴേന്തി പറഞ്ഞു.
നളിനിയും മറ്റൊരു ജീവപര്യന്തം തടവുകാരിയുമായി വഴക്കുണ്ടായി. അവർ ജയിലർക്ക് പരാതി നൽകി. ജയിലധികൃതർ സെല്ലിൽ എത്തി ചോദ്യം ചെയ്‌തത് നളിനിക്ക് മാനസിക വിഷമം ഉണ്ടാക്കിയെന്നും തുടർന്നാണ് അവർ കഴുത്തിൽ തുണി മുറുക്കി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നുമാണ് അഭിഭാഷകൻ പറയുന്നത്. അത് നിഷേധിച്ച ജയിൽ അധികൃതർ,തങ്ങൾ അന്വേഷിക്കാൻ ചെന്നപ്പോൾ ആത്മഹത്യാഭീഷണി മുഴക്കുകയേ ചെയ്തുള്ളൂ എന്ന് പറഞ്ഞു.
നളിനിയുടെ ഭർത്താവും രാജീവ് ഗാന്ധി വധക്കേസിലെ മറ്റൊരു പ്രതിയുമായ മുരുകൻ അടുത്തിടെ നളിനിയെ പുഴൽ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിനായി ഹർജി സമർപ്പിക്കാനുള്ള ഒരുക്കത്തിനിടെയാണ് നളിനിയുടെ ആത്മഹത്യാശ്രമം.
29 കൊല്ലത്തിനിടെ അച്ഛന്റെ സംസ്കാര ചടങ്ങിനും മകളുടെ വിവാഹത്തിൽ പങ്കെടുക്കാനും മാത്രമാണ് നളിനിക്ക് പരോൾ ലഭിച്ചിട്ടുള്ളത്. തന്നെയും ഭർത്താവ് മുരുകനെയും ദയാവധത്തിന് വിധേയരാക്കണമെന്ന് നളിനി കഴിഞ്ഞ വർഷം ആവശ്യപ്പെട്ടിരുന്നു.
രാജീവ് ഗാന്ധി വധക്കേസ്
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ 1991 മേയ് 21ന് തനു എന്ന.ടി.ടി.ഇ വനിതാ ചാവേർ കൊലപ്പെടുത്തിയ കേസിൽ നളിനി, മുരുകൻ, എ.ജി. പേരറിവാളൻ, ശാന്തൻ, ജയകുമാർ, രവിചന്ദ്രൻ, റോബർട്ട് പെയ്സ് എന്നിവർക്ക് ആദ്യം വധശിക്ഷ വിധിച്ചെങ്കിലും പിന്നീട് ജീവപര്യന്തം തടവാക്കുകയായിരുന്നു.
വിട്ടയയ്ക്കാൻ തീരുമാനിച്ചെങ്കിലും
പ്രതികളെ വിട്ടയയ്ക്കാൻ തയാറാണെന്ന് തമിഴ്നാട് സർക്കാർ ഫെബ്രുവരിയിൽ സമ്മതം അറിയിച്ചെങ്കിലും അന്തിമതീരുമാനത്തിനായി ഫയൽ തമിഴ്നാട് ഗവർണറുടെ പക്കലാണ്.