raja-man-singh-case

മഥുര : 1985 ഫെബ്രുവരി 21ന് നടന്ന രാജാ മൻ സിംഗ് കൊലപാതകം രാജസ്ഥാനിൽ ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ഒന്നാണ്. അന്ന് രാജസ്ഥാനിലെ കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന ശിവ് ചരൺ മതുറിന്റെ രാജിയ്ക്ക് വരെ ഈ സംഭവം കാരണമായി. നീണ്ട 35 വർഷത്തെ നിയമയുദ്ധത്തിനൊടുവിൽ നാളെ കോടതിയിൽ ഈ കൊലപാതക കേസിന്റെ വിധി പ്രസ്ഥാവിക്കും. രാജസ്ഥാനിലെ ഭരത്പൂരിലെ രാജകുടുംബാംഗമായ രാജാ മൻ സിംഗിനെ കൊലപ്പെടുത്തിയ കേസിൽ 11 പൊലീസുകാർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദശാബ്ദമായി പടിഞ്ഞാറൻ ഉത്തർപ്രദേശിലെ മഥുരയിലെ ഒരു കോടതിയിലാണ് കേസിന്റെ വാദം നടന്നുകൊണ്ടിരുന്നത്.

രാജാ മൻ സിംഗിന്റെ കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങളെ കുറിച്ച് അദ്ദേഹത്തിന്റെ ചെറുമകൻ ദുശ്യന്ത് സിംഗ് പ്രസ്ഥാവനയിലൂടെ വിവരച്ച കാര്യങ്ങൾ ഇങ്ങനെ ;

1985ലെ രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പ് സമയം. ദീഗ് മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്നു രാജാ മൻ സിംഗ്. അദ്ദേഹത്തിനെതിരെ ബരിജേന്ദ്ര സിംഗ് എന്ന വിരമിച്ച ഐ.എ.എസ് ഓഫീസറെയാണ് കോൺഗ്രസ് രംഗത്തിറക്കിയത്. അങ്ങനെയിരിക്കെ ഭരത്പൂർ നാട്ടുരാജ്യത്തെ പ്രതിനിധീകരിക്കുന്ന പതാകയെ കോൺഗ്രസ് പ്രവർത്തകർ അപമാനിക്കുകയും ഇത് രാജാ മൻ സിംഗിനെ പ്രകോപിതനാക്കുകയും ചെയ്തു. രാജസ്ഥാൻ മുഖ്യമന്ത്രിയുടെ റാലിയ്ക്ക് വേണ്ടി ഒരുക്കിയിരുന്ന സ്റ്റേജിലേക്ക് മൻ സിംഗ് ജീപ്പ് ഓടിച്ചു കയറ്റി. മുഖ്യമന്ത്രിയ്ക്ക് യാത്ര ചെയ്യാൻ ഒരുക്കിയിരുന്ന ഒരു ഹെലികോപ്ടറിന് കേടുപാട് വരുത്തി. ഇതെല്ലാം ഫെബ്രുവരി 20നാണ് സംഭവിച്ചത്. പിറ്റേ ദിവസം പൊലീസ് സ്റ്റേഷനിലേക്ക് കീഴടങ്ങാനായി പോയ മൻ സിംഗിനെയും രണ്ട് അനുയായികളെയും കാൻ സിംഗ് ഭട്ടി എന്ന ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വെടിവച്ചു കൊന്നു. കാൻ സിംഗ് ഭട്ടി ഉൾപ്പെടെയുള്ളവരെയാണ് ഇന്ന് കോടതി കുറ്റക്കാരായി കണ്ടെത്തിയിരിക്കുന്നത്.

മൻ സിംഗിന്റെ കൊലപാതകത്തിന് രണ്ട് ദിവസങ്ങൾക്ക് ശേഷം അന്നത്തെ രാജസ്ഥാൻ മുഖ്യമന്ത്രിയായിരുന്ന കോൺഗ്രസിന്റെ ശിവ് ചരൺ മതുർ രാജിവച്ചു. ഫെബ്രുവരി 28ന് കേസിൽ സി.ബി.ഐ അന്വേഷണത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. ആദ്യം രാജസ്ഥാൻ കോടതിയിലായിരുന്നു കേസ് നടന്നതെങ്കിലും സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം മഥുരയിലേക്ക് മാറ്റുകയായിരുന്നു. നീണ്ട 35 വർഷ കാലയളവിനിടെ 1,700 ലേറെ തവണ കോടതിയിൽ വാദം കേൾക്കൽ നടന്നതിന് ശേഷമാണ് കേസിന് അന്തിമവിധി പ്രഖ്യാപിക്കാൻ പോകുന്നത്. കുറ്റവാളികൾക്കുള്ള ശിക്ഷ നാളെ വിധിക്കും.

അതേ സമയം, രാജസ്ഥാനിൽ ഇപ്പോൾ കോൺഗ്രസ് സർക്കാരിനെ ചുറ്റിപ്പറ്റി നടക്കുന്ന രാഷ്ട്രീയ പ്രതിസന്ധികൾക്ക് ഈ കേസുമായി ആകസ്മികമായൊരു ബന്ധവുമുണ്ട്. മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ സച്ചിൻ പൈലറ്റിന്റെ പക്ഷത്ത് നിലയുറപ്പിച്ചിട്ടുള്ള 18 വിമത എം.എൽ.എമാരിൽ ഒരാളായ വിശ്വേന്ദ്ര സിംഗ്, രാജാ മൻ സിംഗിന്റെ അനന്തരവനാണ്. ഗെലോട്ടിനെതിരെ ബി.ജെ.പിയുമായി ഗൂഡാലോചന നടത്തിയെന്ന ആരോപണത്തെ തുടർന്ന് വിശ്വേന്ദ്ര സിംഗിനെയും മറ്റൊരു വിമത എ.എൽ.എയായ ബൻവർ ലാൽ ശർമയേയും കോൺഗ്രസ് പാർട്ടിയിൽ നിന്നും സസ്പെന്റ് ചെയ്തിരിക്കുകയാണ്. രാജസ്ഥാനിലെ കോൺഗ്രസ് ഭരണകൂടം ജനാധിപത്യത്തെ കൊലപ്പെടുത്തുവാൻ ശ്രമിക്കുകയാണെന്ന് കഴിഞ്ഞ ദിവസം വിശ്വേന്ദ്ര സിംഗ് വിമർശിച്ചിരുന്നു.