ലാഹോർ : മാസങ്ങളായി ഇന്ത്യയിൽ കഴിയുന്ന ഭാര്യ സാനിയ മിർസയെയും കുഞ്ഞിനെയും നേരിട്ട് കാണാൻ പാക് ക്രിക്കറ്റ് ബോർഡ് അനുമതി നൽകിയെങ്കിലും കൊവിഡിന്റെ അനുമതി ലഭിക്കാതെ പാക് ക്രിക്കറ്റർ ഷൊയ്ബ് മാലിക്ക്.
ഇംഗ്ലണ്ട് പര്യടനത്തിനുള്ള പാക്കിസ്ഥാൻ ടീമിൽ അംഗമായിരുന്ന മാലിക്കിന് ഇന്ത്യയിലെത്തി ഭാര്യയെയും കുഞ്ഞുങ്ങളെയും കണ്ട ശേഷം ഇൗമാസം 24ന് ഇംഗ്ലണ്ടിലേക്കു പോകാനായിരുന്നു പി.സി.ബി നിർദ്ദേശം. എന്നാൽ, ഇന്ത്യയിൽ കൊവിഡ് സ്ഥിതിഗതികൾ രൂക്ഷമായി തുടരുന്നതിനാൽ സാനിയയെ കാണാനുള്ള ഷൊയ്ബിന്റെ യാത്രപോലും നടന്നിട്ടില്ല. ഇതോടെ ആഗസ്റ്റ് പകുതിയോടെ ഇംഗ്ലണ്ടിലെത്തിയാൽ മതിയെന്ന് പാക് ബോർഡ് ഷൊയ്ബിനെ അറിയിച്ചിട്ടുണ്ട്.എന്നാൽ ഇതിനിടയിൽ ഇന്ത്യയിലേക്ക് വരാനാകുമെന്ന് ഒരു ഉറപ്പുമില്ല.
ആഗസ്റ്റിലും സെപ്റ്റംബറിലുമായി നടക്കുന്ന പരമ്പരയിൽ മൂന്നു വീതം ടെസ്റ്റുകളും ട്വന്റി-20 മത്സരങ്ങളുമാണ് പാക്കിസ്ഥാൻ കളിക്കുന്നത്. ട്വന്റി- 20 ടീമിലാണ് മാലിക്കിനെ ഉൾപ്പെടുത്തിയിട്ടുള്ളത്. ആഗസ്റ്റ് 28ന് മാഞ്ചസ്റ്ററിലാണ് ട്വന്റി-20 പരമ്പര ആരംഭിക്കുക. കോവിഡ് 19നുശേഷം രാജ്യാന്തര ക്രിക്കറ്റ് പുനഃരാരംഭിച്ച ആദ്യ രാജ്യമായ ഇംഗ്ലണ്ടിൽ, നിലവിൽ വെസ്റ്റിൻഡീസ് ടീം പര്യടനം നടത്തുന്നുണ്ട്. ഇതിനുശേഷമാകും ഇംഗ്ലണ്ട് – പാക്കിസ്ഥാൻ പരമ്പര. ഇതിനകം ഇംഗ്ലണ്ടിലെത്തിയ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ക്വാറന്റൈനിലാണ്.
ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് നേരത്തേതന്നെ വിരമിച്ച മാലിക്ക്, ട്വന്റി20 പരമ്പരയിൽ മാത്രമേ കളിക്കുന്നുള്ളൂ. ഇതുകൂടി പരിഗണിച്ചാണ് താരത്തിന് ഇളവു നൽകിയത്. മാലിക്കിന് കുഞ്ഞിനെ കാണാൻ സാധിക്കാത്തതിൽ വേദന പങ്കുവച്ച് സാനിയ മിർസ രംഗത്തെത്തിയിരുന്നു. നിലവിൽ ഹൈദരാബാദിലെ വീട്ടിലാണ് സാനിയയും കുഞ്ഞും.