രാജ്യത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണെങ്കിലും ലളിതജീവിതം നയിക്കാൻ ഇഷ്ടപ്പെടുന്നു സ്റ്റൈൽ മന്നൻ രജനികാന്ത്. അതേ സമയം ആഡംബരകാറുകളോടുള്ള സൂപ്പർ താരത്തിന്റെ പ്രിയവും പ്രസിദ്ധമാണ്. ബെൻസും ബി.എം. ഡബ്ളിയും മുതൽ ഒട്ടേറെ ആഡംബര കാറുകൾ രജനികാന്തിന്റെ ശേഖരത്തിലുണ്ട്. ഇക്കൂട്ടത്തിലെ പുതിയ താരം ലംബോർഗിനിയാണ്. ലോക് ഡൗൺ കാലത്ത് ചെന്നൈ നഗരത്തിലൂടെ തന്റെ ലംബോർഗിനി ഡ്രൈവ് ചെയ്ത് രജനികാന്ത് പോകുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. സീറ്റ് ബെൽറ്റും മാസ്ക്കും ധരിച്ച് എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് സൂപ്പർ സ്റ്റാറിന്റെ ഡ്രൈവിംഗ്. ആറ് കോടി രൂപയോളം വിലവരുന്ന ലംബോർഗിനി അടുത്തിടെയാണ് താരം സ്വന്തമാക്കിയത്.