ipl-logo

മുംബയ് : ഇൗ വർഷം ഒക്ടോബറിലെ ട്വന്റി-20 ലോകകപ്പ് മാറ്റിവച്ചതോടെ ആ സമയത്ത് ഐ.പി.എൽ ക്രിക്കറ്റ് ടൂർണമെന്റ് നടത്താൻ ബി.സി.സി .ഐ കേന്ദ്ര സർക്കാരിനോട് അനുമതി തേടി. ഇന്ത്യയിൽ കൊവിഡിന് അറുതിവരാത്തതിനാൽ യു.എ.ഇയിലേക്ക് ഐ.പി.എൽ മാറ്റാനാണ് ആലോചിക്കുന്നതെങ്കിലും കേന്ദ്ര സർക്കാർ ഇന്ത്യയിൽ നടത്തുന്ന കാര്യത്തിൽ ബുദ്ധിമുട്ട് പ്രകടിപ്പിച്ചാൽ മാത്രം അന്യരാജത്തെ വേദി എന്ന തീരുമാനം നടപ്പിലാക്കിയാൽ മതി എന്നാണ് ബി.സി.സി.ഐ തീരുമാനം. സെപ്തംബർ 26 മുതൽ നവംബർ എട്ടുവരെ ഐ.പി.എൽ നടത്താമെന്ന പ്രതീക്ഷയിലാണ് ബി.സി.സി.ഐ.

ടൂർണമെന്റ് നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് പത്തുദിവസത്തിനകം ഐ.പി. എൽ ഗവേണിംഗ് കൗൺസിൽ ചേരുമെന്ന് ചെയർമാൻ ബ്രിജേഷ് പട്ടേൽ അറിയിച്ചു. ടൂർണമെന്റ് നടത്തിപ്പ്, സമയക്രമം തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. എന്തായാലും സെപ്റ്റംബർ വരെ കോവിഡ് സാഹചര്യങ്ങൾ നിരീക്ഷിച്ച ശേഷമേ ഇന്ത്യയിൽ നടത്താനാകുമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കൂവെന്നും പട്ടേൽ പറഞ്ഞു. കൊവിഡ് കുറയുമെങ്കിൽ ഇന്ത്യയി‍ലെ 2 നഗരങ്ങളിലായി ടൂർണമെന്റ് നടത്താനുളള സാധ്യതയാണ് പരിഗണിക്കുന്നത്.

ഒക്ടോബർ 18 മുതൽ നവംബർ 15 വരെ ആസ്ട്രേലിയയിൽ നടക്കാനിരുന്ന ലോകകപ്പ് നീട്ടുമെന്ന് മാസങ്ങളായി സൂചനകളുണ്ടായിരുന്നുവെങ്കിലും കഴിഞ്ഞദിവസം ചേർന്ന ഐ.സി.സി യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്.