ക്വീവ്: യുക്രെയ്‌നിൽ ആയുധധാരി ബസ് തട്ടിയെടുത്ത് യാത്രക്കാരെ ബന്ദികളാക്കി. തലസ്ഥാനനഗരമായ ക്വീവിൽനിന്നും 400 കിലോ മീറ്റർ അകലെയുള്ള ലുസ്‌കിലാണ് സംഭവം. 20 യാത്രക്കാരാണ് ബസിലുള്ളത്. സ്‌ഫോടക വസ്തുക്കളടക്കം കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന അക്രമിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ബസ് തട്ടിയെടുത്ത അക്രമി തന്നെയാണ് പൊലീസിനെ വിളിച്ച് വിവരമറിയിച്ചത്. തന്റെ കൈവശം തോക്കും മറ്റു സ്‌ഫോടക വസ്തുക്കളും ഉണ്ടെന്നും ഇയാൾ പറഞ്ഞു. വിവരമറിഞ്ഞയുടൻ നഗരമധ്യത്തിൽ നിറുത്തിയിട്ടിരുന്ന ബസിന് സമീപത്തേക്ക് പൊലീസെത്തി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി നഗരത്തിൽനിന്നും ആളുകളെ ഒഴിപ്പിച്ചു.
അതേസമയം, ബസിൽനിന്ന് ചില വെടിയൊച്ചകൾ കേട്ടതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ആർക്കെങ്കിലും പരിക്കേറ്റെന്നോ അത്യാഹിതം സംഭവിച്ചെന്നോ സ്ഥിരീകരണമില്ല.
അക്രമിയുടെ ആവശ്യങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ലെന്നാണ് പൊലീസിന്റെ പ്രതികരണം. മാക്‌സിം പ്ലോഖോയ് എന്ന പേരിലുള്ള ഇയാളുടെ ട്വിറ്റർ അക്കൗണ്ടിൽ നിരന്തരം ട്വീറ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. നിലവിലെ സർക്കാർ സംവിധാനത്തിൽ സംതൃപ്തനല്ലെന്ന് സൂചിപ്പിക്കുന്ന ട്വീറ്റുകളായിരുന്നു ഇതെല്ലാം. എന്നാൽ ബന്ദികളാക്കിയതിന് പിന്നിൽ എന്താണ് ആവശ്യമെന്ന് കൃത്യമായി പരാമർശിച്ചിട്ടില്ല. ഇയാളുടെ ട്വിറ്റർ അക്കൗണ്ട് നിരീക്ഷിച്ചുവരികയാണെന്നും അക്രമിയുമായി സംസാരിക്കാൻ ശ്രമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ആർക്കും ഒരു പോറൽ പോലുമേൽക്കാതെ യാത്രക്കാരെ രക്ഷിക്കാനാണ് പോലീസിന്റെ നീക്കം.