juventus-cristiano

ലാസിയോയെ 2-1ന് കീഴടക്കി യുവന്റസ് ഇറ്റാലിയൻ സെരി എ കിരീടത്തിലേക്ക്

സെരി എയിൽ ഏറ്റവും വേഗത്തിൽ 50 ഗോളുകൾ നേടിയ റെക്കാഡുമായി ക്രിസ്റ്റ്യാനോ

ടൂറിൻ : കാൽ നൂറ്റാണ്ടിനിടെ ഇറ്റാലിയൻ സെരി എയിൽ ഏറ്റവും വേഗത്തിൽ 50 ഗോളുകൾ തികച്ച റെക്കാഡുമായി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ചരിത്രം കുറിച്ച മത്സരത്തിൽ ലാസിയോയെ 2-1ന് തോൽപ്പിച്ച് 80 പോയിന്റുമായി യുവന്റസ് കിരീടത്തിലേക്കടുത്തു. ജയമറിയാതിരുന്ന മൂന്ന് മത്സരങ്ങൾക്ക് ശേഷം ആരാധകരുടെ ആശങ്കകൾ അവസാനിപ്പിച്ചായിരുന്നു വിജയവഴിയിലേക്കുള്ള യുവന്റസിന്റെ മടങ്ങിവരവ്.

സ്വന്തം തട്ടകത്തിൽ റൊണാൾഡോയുടെ ഇരട്ടഗോളുകളാണ് യുവയെ വിജയത്തിലേക്ക് നയിച്ചത്. ഗോൾ രഹിതമായിരുന്ന ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് മൂന്നു ഗോളുകളും പിറന്നത്.

51–ാം മിനിട്ടിൽ പെനാൽറ്റിയിൽനിന്ന് ഗോൾ നേടി ലീഡ് സമ്മാനിച്ച റൊണാൾഡോ, 54–ാം മിനിട്ടിൽ ലീഡുയർത്തി. 83–ാം മിനിട്ടിൽ പെനാൽറ്റിയിൽനിന്ന് സിറോ ഇമ്മൊബൈലാണ് ലാസിയോയുടെ ആശ്വാസ ഗോൾ നേടിയത്. ഇതിനിടെ റൊണാൾഡോയ്ക്ക് ഹാട്രിക് തികയ്ക്കാൻ അവസരം ലഭിച്ചെങ്കിലും ബുള്ളറ്റ് ഹെഡർ ക്രോസ് ബാറിൽത്തട്ടി തെറിച്ചു.

ഇതോടെ 34 മത്സരങ്ങളിൽനിന്ന് 80 പോയിന്റുമായി യുവന്റസ് രണ്ടാം സ്ഥാനക്കാരായ ഇന്റർ മിലാനേക്കാൾ എട്ടു പോയിന്റ് മുന്നിലെത്തി. തുടർച്ചയായ ഒൻപതാം കിരീടത്തിലേക്ക് ഇനി വേണ്ടത് നാലു മത്സരങ്ങളിൽനിന്ന് നാലു പോയിന്റ് മാത്രം. 34 മത്സരങ്ങളിൽനിന്ന് 69 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ലാസിയോ. ഒരു ഘട്ടത്തിൽ യുവന്റസിന് ഒരു പോയിന്റ് മാത്രം പിന്നിൽ രണ്ടാം സ്ഥാനത്തായിരുന്ന ലാസിയോ ലോക്ക്ഡൗണിന് ശേഷം തുടർച്ചയായി സമനിലകളും തോൽവികളും ഏറ്റുവാങ്ങിയതോടെയാണ് അഞ്ചാമതേക്ക് പിന്തള്ളപ്പെട്ടത്.

റെക്കാഡ് റൊണാൾഡോ

50

ഈ നൂറ്റാണ്ടിൽ സെരി എയിൽ ഏറ്റവും വേഗത്തിൽ 50 ഗോൾ തികയ്ക്കുന്ന താരമായി​ ക്രി​സ്റ്റ്യാനോ റൊണാൾഡോ ചരി​ത്രമെഴുതി​. നിലവിൽ 61 മത്സരങ്ങളിൽനിന്ന് 51 ഗോളുകളാണ് സെരി എയിൽ റൊണാൾഡോയുടെ സമ്പാദ്യം.

ഇംഗ്ലിഷ് പ്രീമിയർ ലീഗ്, സ്പാനിഷ് ലാ ലിഗ, ഇറ്റാലിയൻ സെരി എ എന്നിങ്ങനെ യൂറോപ്പി​ലെ മൂന്ന് മുൻ നി​ര ലീഗുകളി​ലും 50 ഗോളുകൾ പൂർത്തിയാക്കുന്ന ആദ്യ താരമാണ് റൊണാൾഡോ .

ക്രി​സ്റ്റ്യാനോ ഗോളുകൾ

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി 196 മത്സരങ്ങളിൽനിന്ന് 84 ഗോൾ.
ലാ ലിഗയിൽ റയൽ മഡ്രിഡിനായി 292 മത്സരങ്ങളിൽനിന്ന് 311 ഗോൾ

സെരി എയിൽ യുവെന്റസിനായി 61 മത്സരങ്ങളിൽനിന്ന് 51 ഗോൾ

30

ലാസിയോയ്‌ക്കെതിരായ ഇരട്ടഗോളോടെ ഈ സെരി എ സീസണിലെ ഗോൾവേട്ടക്കാരിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒന്നാമതെത്തി. ലാസിയോ താരം സിറോ ഇമ്മൊബൈലും റൊണാൾഡോയ്ക്ക് ഒപ്പമുണ്ട്. ഇരുവരും ഇതുവരെ നേടിയത് 30 ഗോളുകൾ വീതം.

12

ഒരു സീസണിൽ ഏറ്റവും കൂടുതൽ പെനാൽറ്റി ഗോളുകളെന്ന റെക്കോർഡിലും ക്രി​സ്റ്റ്യാനോയും ഇമ്മൊബൈലും ഒപ്പത്തിനൊപ്പമാണ്. 1995–96 സീസണിൽ 12 പെനാൽറ്റികൾ ഗോളാക്കിയ ലാസിയോ താരം ഗ്വി​സെപ്പെ സിഗ്‌നോറിയുടെ റെക്കോർഡിന് ഒപ്പമാണ് ഇരുവരും.

2007–08

സീസണിൽ അലെസാൻഡ്രോ ദെൽപിയറോയ്ക്കു ശേഷം സെരി എയിൽ ഗോൾഡ‍ൻ ബൂട്ട് നേടുന്ന ആദ്യ യുവന്റസ് താരമെന്ന റെക്കോർഡിലേക്കാണ് റൊണാൾഡോയുടെ കുതിപ്പ്.

3

സെരി എയിൽ ഒരു സീസണിൽ 30 ഗോൾ നേടുന്ന മൂന്നാമത്തെ മാത്രം യുവന്റസ് താരമാണ് റൊണാൾഡോ.