പാട്ന: മോർച്ചറിയില്ലെന്ന ന്യായം പറഞ്ഞ് കൊവിഡ് രോഗികൾക്കൊപ്പം കൊവിഡ് മൃതദേഹങ്ങൾ സൂക്ഷിച്ച പാട്നയിലെ നളന്ദ മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ നടപടിയെടുക്കണമെന്ന് കേന്ദ്രം.
നിരവധി രോഗികളുള്ള കൊവിഡ് വാർഡിന്റെ കോറിഡോറിലാണ് അണുവിമുക്തമാക്കാത്ത കൊവിഡ് മൃതദേഹങ്ങൾ സൂക്ഷിച്ചത്.
രോഗിയുടെ കൂട്ടിരിപ്പുകാരൻ പുറത്തുവിട്ട വീഡിയോ വൈറലായതോടെയാണ് സംഭവം വിവാദമായത്. ഞായറാഴ്ച മുതൽ രോഗികളും മൃതദേഹങ്ങളും ഒരേ കോറിഡോറിലാണ് കഴിയുന്നതെന്നും ഇതോടെ കൊവിഡ് രോഗിയായ തന്റെ അമ്മ ഭക്ഷണം കഴിക്കുന്നില്ലെന്നും പറഞ്ഞ് ശത്രുഘ്നൻ എന്ന യുവാവാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. മൃതദേഹം സാധാരണ തുണികൊണ്ട് മാത്രമാണ് മൂടിയിട്ടുളളതെന്നും ഇതിനാൽ തന്നെ രോഗികൾ ആശങ്കയിലാണെന്നും യുവാവ് പറയുന്നു.
അതിനു പിന്നാലെ സൗരഭ് ഗുപ്തയെന്ന യുവാവും മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്തു. ഞായറാഴ്ച മുതൽ രോഗികളെ പരിചരിക്കാൻ ഡോക്ടർമാർ വാർഡുകളിലെത്തുന്നില്ലെന്നും പകരം രോഗികളെ പാട്ന എയിംസ് ആശുപത്രിയിലേക്ക് മാറ്റാനാണ് അധികൃതർ പറയുന്നതെന്നും സൗരഭ് പറഞ്ഞു. ഒരു വാർഡിൽ ഏഴ് കൊവിഡ് രോഗികളാണുള്ളത്.
സംഭവം വൈറലായതോടെ കേന്ദ്രസംഘമെത്തി ആശുപത്രിയിൽ പരിശോധന നടത്തി. കർശന നടപടിയെടുക്കാൻ ബിഹാർ സർക്കാരിനോട് നിർദ്ദേശിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മൃതദേഹം പ്ളാസ്റ്റിക് ബാഗിലാക്കി അണുവിമുക്തമാക്കാനുള്ള നടപടി പോലും ആശുപത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതിൽ രൂക്ഷ വിമർശനം ഉയർന്നു.