മെൽബൺ​ : ഇൗ വർഷം അവസാനം ടെസ്റ്റ്,ഏകദി​ന,ട്വന്റി​-20 പരമ്പരകൾക്കായി ആസ്ട്രേലിയയിലെത്തുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാഴ്ച നിർബന്ധിത ക്വാറന്റൈനിൽ കഴിയണമെന്ന ആവശ്യവുമായി ആസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ്. ഇന്നലെ ക്രിക്കറ്റ് ആസ്ട്രേലിയ ആക്ടിംഗ് ചീഫ് നിക്ക് ഹാക്ക്‌ലെയാണ് ഇക്കാര്യം പറഞ്ഞത്.

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ ഇക്കാര്യത്തിലെ അഭിപ്രായത്തിന് ഘടകവിരുദ്ധമാണ് ഹാക്ക്‌ലെയുടെ അഭിപ്രായം. ഇന്ത്യയിൽ ക്വാറന്റൈൻ കഴിഞ്ഞെത്തുന്ന താരങ്ങൾ ആസ്ട്രേലിയയിൽ വീണ്ടും ഹോട്ടൽ മുറിയിലെ ഏകാന്തതയിൽ കഴിയേണ്ടിവരുന്നത് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നാണ് ഗാംഗുലി പറഞ്ഞിരുന്നത്. അതേസമയം കളിക്കാർക്ക് ക്വാറന്റൈൻ നിർബന്ധമാണെന്നും അതിന് മെച്ചപ്പെട്ട സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും ഹാക്ക്‌ലെ അറിയിച്ചു. ഇരു ടീമിലെയും താരങ്ങൾക്കായി ബയോ സെക്യുർ അന്തരീക്ഷവും ഒരുക്കും.