''ലക്ഷണമൊത്ത ഒരു സ്ത്രീ രത്നത്തെ കണ്ടാൽ മോഹണ്ട്, ഒന്നു തരായാൽ വേണ്ടില്ല. വിരോധിച്ചാൽ വേണ്ടേനും'' -നമ്മുടെ മുഖ്യമന്ത്രിമാരുടെ ഓഫീസുകളിൽ നടക്കുന്ന സ്ത്രീരത്നങ്ങളുടെ വിളയാട്ടങ്ങൾ കാണുമ്പോൾ വി.കെ. എൻ തന്റെ ഇഷ്ടകഥാപാത്രമായ നാണ്വാരോട് നടത്തുന്ന ഈ സംഭാഷണമാണ് ഓർമ്മ വരുന്നത്. ഇപ്പോൾ രണ്ടു കഥാപാത്രങ്ങളാണ് മുഖ്യമായും മുന്നിലുള്ളത്. സരിത നായരും. സ്വപ്നസുരേഷും. ഇവർ തമ്മിലുള്ള ദൂരം ഉമ്മൻചാണ്ടി സർക്കാരിൽ നിന്ന് പിണറായി സർക്കാരിലേക്കുള്ള ദൂരം മാത്രമാണോ?
ചതിച്ചുവാങ്ങിയ പണമെല്ലാം തിരികെ കൊടുത്താൽ സരിതക്കേസ് തീർന്നേക്കും. പരാതിക്കാർ കേസ് പിൻവലിക്കണമെന്നു മാത്രം. സരിത ഉയർത്തിയ പീഡന പരാതികളാവും പിന്നെ നിലനിൽക്കുക. സ്വപ്നക്കേസിന്റെ നില അതല്ല. കൊണ്ടുവന്ന സ്വർണമെല്ലാം വാങ്ങിയ സ്ഥലത്തു തിരികെ എത്തിച്ചാലും കേസ് തീരില്ല. കുറ്റം രാജ്യദ്രോഹമാണ്. സ്വന്തം ലാവണത്തിൽ ഇത്രയും വലിയൊരു ക്രിമിനൽ പശ്ചാത്തലം ഒരുങ്ങുമ്പോൾ വിപുലമായ ഇന്റലിജൻസ് സംവിധാനമുള്ള നാട്ടിൽ, ഭരണാധികാരികൾ അതൊന്നും അറിഞ്ഞില്ല എന്നു പറയുന്നതിന്റെ യുക്തി എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഫെമിനിസവും സ്ത്രീപുരുഷ സമത്വവുമൊക്കെ കൊടികുത്തിവാഴുന്ന നാട്ടിൽ കാണാൻ തരക്കേടില്ലാത്ത ഒരു സ്ത്രീരത്നം വന്നെത്തിയാൽ ഭരണസിരാകേന്ദ്രം അടിപടലേ അതിന്റെ കാൽക്കൽ കുമ്പിട്ടുപോകുന്നതിന്റെ യുക്തിയും പിടികിട്ടുന്നില്ല.
ജന്മി-കുടിയാൻ സമ്പ്രദായം നിലനിന്നിരുന്നപ്പോൾ കീഴ്ജീവനക്കാരായി വച്ചിരുന്നത് സ്വാഭാവികമായും ഏറാൻ മൂളികളെയാണ്. ആ സംസ്കാരം ഒരു കമ്മ്യൂണിസ്റ്റ് ഭരണത്തിന് എങ്ങനെ ഭൂഷണമാകും എന്നും പിടികിട്ടുന്നില്ല. അതിന്റെ രാഷ്ട്രീയത്തിലേക്കല്ല ഇവിടെ വിരൽ ചൂണ്ടുന്നത്. മൂക്കിനു താഴെ മീശയുള്ളവരെല്ലാം ആണുങ്ങളല്ല എന്നാണ് നാട്ടുമൊഴി. അധികാര സിരാകേന്ദ്രങ്ങളിൽ വന്നുപെടുന്നതും അത്തരം ആളുകളാണോ എന്ന് പാവം ജനങ്ങൾ സംശയിച്ചുപോവും. മണ്ണിനും പെണ്ണിനും വേണ്ടിയാണ് ലോകത്തെ സകല യുദ്ധങ്ങളും നടന്നിട്ടുള്ളത്. പെണ്ണെന്നാൽ പൊന്നാണ് മലയാളികൾക്ക്. വിവാഹക്കമ്പോളത്തിൽ പെണ്ണിനൊപ്പം എത്തേണ്ടതാണ് പൊന്ന്. ഈശ്വരാനുഗ്രഹം കിട്ടാനും ഭക്തർ ദേവാലയങ്ങളിൽ സമർപ്പിക്കുന്ന വലിയ കാണിക്ക സ്വർണം തന്നെ. സ്വർണത്തിന് അങ്ങനെ വിശുദ്ധിയുടെ പരിവേഷംകൂടിയുണ്ട്. അത് സ്വപ്നസുരേഷിന്റെയും സരിത്തിന്റെയും കൈകളിലെത്തിയപ്പോൾ രാജ്യദ്രോഹത്തിന്റെ കാണിക്കയായി മാറി. അതാണ് നയതന്ത്ര സ്വർണക്കടത്തിന്റെ ഇതിവൃത്തം.
കനകം മൂലം കാമിനി മൂലം
കലഹം പലവിധമുലകിൽ സുലഭം- എന്നാണ് മഹാകവി കുഞ്ചൻ നമ്പ്യർ ചൊല്ലിയത്. ഇവിടെ രണ്ടുംകൂടി ഒന്നിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിൽ കുടിയേറിയതിന്റെ തിരക്കഥയാണ് സ്ക്രീനിൽ കണ്ടുകൊണ്ടിരിക്കുന്നത്. ആഫ്രിക്കയിലേയും മറ്റും സ്വർണഖനികളിലേക്കു നീളുന്ന അതിന്റെ കഥാബീജത്തിന് ലോകത്തെ മുടിക്കാൻ ശേഷിയുള്ള പ്രഹരശേഷിയുണ്ടെന്നും നമ്മൾ അറിയുകയാണ്. കേവലമായ കക്ഷിരാഷ്ട്രീയ അജണ്ടകൾക്കപ്പുറമുള്ള മുനകളാണ് അതിനുള്ളത്. കൊവിഡിനേക്കാൾ വേഗം പടർന്നുപിടിക്കാവുന്ന രോഗബീജമാണതെന്നു കൂടി അറിയേണ്ടതുണ്ട്. അതിനിടയിൽ മറന്നുകൂടാത്ത ഒരു വാസ്തവം കൂടിയുണ്ട്. അധികാരകേന്ദ്രങ്ങളിൽ കുമിഞ്ഞുകൂടുന്ന മാലിന്യങ്ങളുടെ ദുർഗന്ധമാണത്. അത് തിരിച്ചറിയാൻ രാഷ്ട്രീയ നേതൃത്വങ്ങൾക്ക് കഴിയാത്തതെന്തുകൊണ്ടാണ്? സംശയമില്ല, രാഷ്ട്രീയക്കാരുടെ കുടിലമായ താത്പര്യങ്ങൾ ഈ കമ്മട്ടങ്ങൾക്കു പിന്നിലുണ്ട്. അത് ജനങ്ങൾക്കും അറിയാം. മാത്രമല്ല. ജനാധിപത്യ സംവിധാനത്തിൽ പാലിക്കേണ്ട അധികാര വികേന്ദ്രീകരണം കുഴിച്ചുമൂടുന്നതിന്റെ ലക്ഷണങ്ങൾകൂടിയാണ് ഇത്തരം സംഭവങ്ങൾ തുറന്നിടുന്നത്. അധികാരവും അതിന്റെ ഗുണങ്ങളും ജനങ്ങളിൽ എത്തുന്നില്ലെന്നു മാത്രമല്ല, അത് അധികാരരാഷ്ട്രീയത്തിന്റെ അടുക്കളയിലെ പാചകക്കാരായി മാറുകയും ചെയ്യുന്നു. അധികാരകേന്ദ്രങ്ങളെ പാടെ ഉലയ്ക്കേണ്ട ഈ സംഭവം ഇപ്പോഴും ഒരു മഴക്കാറ്റായി മാത്രം ആടിയുലഞ്ഞു നിൽക്കുന്നത് എന്തുകൊണ്ടാണെന്നും ജനം സംശയിച്ചുപോകും. അതിനു ഒറ്റ ഉത്തരമേയുള്ളു. അമ്പുകൊള്ളാത്തവരില്ല കുരുക്കളിൽ എന്ന പറഞ്ഞതുപോലെ കഥ പൂർണമായി പുറത്തുവന്നാൽ കഥാപാത്രങ്ങളാകുന്നതിൽ എല്ലാ രാഷ്ട്രീയ പാർട്ടികളിൽ പെട്ടവരും ഉണ്ടാകും എന്നതാണ്. ആന്റി ക്ലൈമാക്സിൽ അതാവും പ്രേക്ഷകർക്ക് കാണേണ്ടിവരിക.
സ്വർണത്തിന്റെ കഥ
സ്വർണത്തോടുള്ള മനുഷ്യന്റെ പ്രണയം പുരാതനകാലംമുതൽ തുടങ്ങിയതാണ്. ഗ്രീക്കുകാരാണ് സ്വർണം ആദ്യമായി കറൻസിയായി ഉപയോഗിച്ചത്. റോമിൽ ജൂലിയസ് സീസറിനുകീഴിൽ, രാജ്യത്തിന്റെ സാമ്പത്തികസംവിധാനത്തിന്റെ അടിസ്ഥാനമായി സ്വർണം മാറി. ആഫ്രിക്കയിൽ രാജകീയ സദസുകൾ പലപ്പോഴും സ്വർണംകൊണ്ട് അലംങ്കരിച്ചിരുന്നു. നയതന്ത്ര സ്വർണക്കടത്തിലും സ്വർണം കറൻസിയുടെ പ്രതിരൂപമാണെന്നും കണ്ടെത്തലുണ്ട്.
ലോകത്തെ സ്വർണ ഉത്പാദനത്തിന്റെ 25 % വും ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ കരുതൽ സ്വർണമുള്ള 10 രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇന്ത്യയുടെ കൈവശം ഇപ്പോൾ 592 ടൺ കരുതൽ സ്വർണമുണ്ട്. ഇന്ത്യയും മറ്റു രാജ്യങ്ങളും സ്വർണത്തെ കാണുന്നത് കരുതൽ കറൻസി ആയിട്ടാണോ?