റോം : കാപ്പിക്കുരുക്കൾക്കുള്ളിൽ നിറച്ച് കടത്താൻ ശ്രമിച്ച കൊക്കെയ്ൻ പിടികൂടി ഇറ്റാലിയൻ പൊലീസ്. ഒരു ഹോളിവുഡ് ചിത്രത്തിലെ കഥാപാത്രമായ മാഫിയ തലവന്റെ പേരിൽ വന്ന പാഴ്സൽ പൊട്ടിച്ച് പരിശോധന നടത്തവെയാണ് കാപ്പിക്കുരുവിനുള്ളിൽ അതിവിദഗ്ദമായി ഒളിപ്പിച്ച കൊക്കെയ്ൻ കണ്ടെത്തിയത്.
കൊളംബിയയിൽ നിന്നുമാണ് പാഴ്സൽ ഇറ്റലിയിലെ മിലാനിലെ മാൽപെൻസ എയർപോർട്ടിലെത്തിയത്. 2 കിലോഗ്രാം കാപ്പിക്കുരുവിൽ നിന്നും 130 ഗ്രാം കൊക്കെയ്നാണ് കണ്ടെത്തിയത്. ' ജോൺ വിക്ക് : ചാപ്പ്റ്റർ 2 ' എന്ന ഹോളിവുഡ് ചിത്രത്തിലെ സാങ്കല്പിക കഥാപാത്രമായ സാന്റിനോ ഡി ആന്റണിയോ എന്ന മാഫിയ തലവന്റെ പേരും അഡ്രസും കണ്ടതോടെയാണ് എയർപോർട്ടിലെ കസ്റ്റംസ് ഓഫീസർമാർ പാഴ്സൽ തുറന്ന് പരിശോധിച്ചത്.
കൊക്കെയ്ൻ നിറച്ച 500 ലേറെ പൊള്ളയായ കാപ്പിക്കുരുക്കൾ കണ്ടെത്തുകയായിരുന്നു. കൊക്കെയ്ൻ നിറച്ച കാപ്പിക്കുരുക്കൾ അതിസൂഷ്മമായി കടും ബ്രൗൺ നിറത്തിലെ ടേപ്പ് കൊണ്ട് ചേർത്ത് ഒട്ടിച്ചിരുന്നു. ഫ്ലോറൻസിലെ ഒരു പുകയില വ്യാപാര സ്ഥാപനത്തിന്റെ വിലാസത്തിലേക്കാണ് പാഴ്സൽ അയച്ചിരിക്കുന്നതെന്ന് കണ്ടെത്തി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പുകയില വ്യാപാര സ്ഥാപനത്തിൽ പാഴ്സൽ കൈപ്പറ്റാനെത്തിയ 50 കാരനെ പൊലീസ് പിടികൂടി. മയക്കുമരുന്ന് കേസിൽ മുമ്പും പിടിയിലായിട്ടുള്ള ഇയാൾ ഇറ്റാലിയൻ പൗരനാണെങ്കിലും കൊളംബിയൻ നഗരമായ മെഡലിനിൽ താമസിക്കുന്നതായാണ് രേഖകളെന്ന് പൊലീസ് പറയുന്നു.