വിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ളണ്ടിന്റെ വിജയത്തിന് ചുക്കാൻ പിടിച്ച് ബെൻ സ്റ്റോക്സും സ്റ്റുവർട്ട് ബ്രോഡും
കൊവിഡ് ലോക്ഡൗണിന് ശേഷമുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റ് നടന്ന് സതാംപ്ടണിലാണ്. ഇംഗ്ളണ്ടും വിൻഡീസും തമ്മിലായിരുന്നു മത്സരം. മൂന്നുമാസത്തിലേറെയായി ഉറങ്ങിക്കിടന്ന ക്രിക്കറ്റ് ഗ്രൗണ്ടിനെ ഉണർത്തിയ ഇൗ മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിന് അനായാസ വിജയമാണ് ആരാധകർ പ്രവചിച്ചിരുന്നത്. എന്നാൽ അഞ്ചുദിവസത്തെ കളി കഴിഞ്ഞപ്പോൾ ഇംഗ്ളണ്ട് ഭംഗിയായി തോറ്റു. ആ തോൽവിയിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ കേട്ടത് ജോ റൂട്ടിന് പകരം താത്കാലികമായി നായകന്റെ തൊപ്പിയണിഞ്ഞ ബെൻ സ്റ്റോക്സിനാണ്. ടോസ് കിട്ടിയിട്ടും ബാറ്റിംഗ് എടുക്കാതിരുന്നത് മുതലുള്ള ബെന്നിന്റെ തീരുമാനങ്ങൾ വിമർശിക്കപ്പെട്ടു.
ആദ്യ ടെസ്റ്റിൽ പ്ളേയിംഗ് ഇലവനിൽ തന്റെ പേര് ഇല്ലാതെവന്നത് കണ്ട് ഇംഗ്ളീഷ് പേസർ സ്റ്റുവർട്ട് ബ്രോഡിന് വല്ലാതെ സങ്കടം വന്നിരുന്നു. ഏറെക്കാലമായി ജെയിംസ് ആൻഡേഴ്സണൊപ്പം ന്യൂ ബാൾ പങ്കിട്ടിരുന്ന തന്നെ ഒഴിവാക്കിയതിലെ വേദന പരസ്യമായി പറയാൻ ബ്രോഡ് മടിച്ചതുമില്ല. അതുകൊണ്ടുതന്നെ രണ്ടാം ടെസ്റ്റിലും ബ്രോഡിനെ ടീമിലെടുക്കുമെന്ന് ഉറപ്പുപറയാൻ കഴിയില്ലെന്ന് ഇംഗ്ളീഷ് കോച്ചും പറഞ്ഞു.
ഇരു ടീമുകളും തമ്മിലുള്ള രണ്ടാം ടെസ്റ്റ് കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററിൽ സമാപിച്ചു. മത്സരത്തിൽ ഇംഗ്ളണ്ടിന് 113 റൺസ് വിജയം. ഇൗ വിജയത്തിന്റെ പേരിൽ ഏറ്റവുമധികം അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്നത് രണ്ടുപേരാണ് , ബെൻ സ്റ്റോക്സും സ്റ്റുവർട്ട് ബ്രോഡും. ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും ഒരുപോലെ മികവ് കാട്ടിയാണ് ബെൻ മാൻ ഒഫ് ദ മാച്ചായത്. ബ്രോഡാകട്ടെ ഇരു ഇന്നിംഗ്സുകളിലും നിർണായക സമയത്ത് വിൻഡീസ് വിക്കറ്റുകൾ പിഴുതെടുത്ത് കളിയുടെ ഗതി അനുകൂലമാക്കി.
ആദ്യ ടെസ്റ്റ് കഴിഞ്ഞപ്പോൾ ഏറെ പഴികേട്ട രണ്ടുപേരുടെ തിരിച്ചുവരവിനാണ് മാഞ്ചസ്റ്റർ സാക്ഷ്യം വഹിച്ചത്.ബെൻ ക്യാപ്ടൻസിയുടെ ഭാരം ഒഴിവായപ്പോൾ സ്വതസിദ്ധമായ ഫോമിലേക്ക് തിരിച്ചെത്തിയെങ്കിൽ തിരികെകിട്ടിയ അവസരത്തിൽ തന്റെ പ്രാധാന്യം വ്യക്തമാക്കുകയായിരുന്നു ബ്രോഡ്. ആർച്ചർ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതും ആൻഡേഴ്സണ് വിശ്രമം നൽകിയതുമാണ് ബ്രോഡിനായി വാതിൽ തുറന്നത്. അത് ഇനി അടയ്ക്കാൻ സെലക്ടർമാർക്ക് കഴിയുമെന്ന് തോന്നുന്നില്ല.
ബിഗ് ബെൻ
ഇൗ മത്സരത്തിലെ രണ്ട് ഇന്നിംഗ്സുകളിൽ നിന്നുമായി ബെൻ സ്റ്റോക്സ് അടിച്ചുകൂട്ടിയത് 254 റൺസാണ്. ആദ്യ ഇന്നിംഗ്സിൽ എട്ടുമണിക്കൂറിലേറെ ക്രീസിൽ നിന്ന് 176 റൺസ്. രണ്ടാം ഇന്നിംഗ്സിൽ 57 പന്തിൽ പുറത്താകാതെ 78 റൺസും.ആദ്യ ഇന്നിംഗ്സിൽ വിൻഡീസ് ടോപ്സ്കോറർ ക്രെയ്ഗ് ബ്രാത്ത് വെയ്റ്റിന്റെ നിർണായക വിക്കറ്റ് വീഴ്ത്തിയതും ബെൻ സ്റ്റോക്സ്. രണ്ടാം ഇന്നിംഗ്സിൽ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി.
ബൗണ്ടറി വരെ ഒാടും ബൗളർ
പന്തെറിഞ്ഞ ശേഷം ബൗണ്ടറിലൈൻ വരെ ഒാടി ഡൈവിംഗ് നടത്തി ബൗണ്ടറി തടയാനും കഴിയുന്ന അത്ഭുതപ്രതിഭയാണ് താനെന്ന് ഇൗ മത്സരത്തിൽ സ്റ്റോക്സ് തെളിയിച്ചു. വിൻഡീസിന്റെ രണ്ടാം ഇന്നിംഗ്സിലെ 43-ാം ഒാവറിലാണ് സംഭവം. തന്റെ പന്ത് ബ്ളാക്ക് വുഡ് ലോംഗ് ഒാഫിലേക്ക് തട്ടിയിട്ടത്. അവിടെ ഫീൽഡർ ഇല്ലെന്ന് കണ്ട് സ്റ്റോക്സ് പന്തിന് പിന്നാലെ ഒാടുകയായിരുന്നു. ബൗണ്ടറി ലൈനിൽ തൊടുന്നതിന് തൊട്ടുമുമ്പ് ഡൈവ് ചെയ്ത് പിന്നോട്ട് തട്ടിയിട്ടശേഷം കീപ്പർക്ക് എറിഞ്ഞുകൊടുത്തു.
ബ്രോഡ് വേ
ആദ്യ ഇന്നിംഗ്സിൽ ഷമർ ബ്രൂക്ക്സിനെ പുറത്താക്കി വിൻഡീസിന്റെ തകർച്ചയ്ക്ക് തുടക്കമിട്ടത് ബ്രോഡാണ്. മികച്ച ബാറ്റ്സ്മാന്മാരായ ബ്ളാക്ക്‌വുഡിനെയും ഡോവ്റിച്ചിനെയും ഡക്കാക്കി വിൻഡീസിനെ
242/4 നിന്ന് 252/7ലെത്തിച്ചത് തന്റെ മൂന്നോവറുകൾ കൊണ്ട്.രണ്ടാം ഇന്നിംഗകസിൽ ക്യാംപ്ബെൽ, ഹോപ്പ്,ചേസ് എന്നിവരെ പുറത്താക്കി മുൻനിര തകർത്തു.
1
മാഞ്ചസ്റ്റർ ടെസ്റ്റിലെ അതുല്യപ്രകടനം കൊണ്ട് ബെൻ സ്റ്റോക്സ് ഐ.സി.സി ആൾറൗണ്ടർ റാങ്കിംഗിൽ ജാസൺ ഹോൾഡറെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ 18 മാസമായി ഹോൾഡറായിരുന്നു ആൾറൗണ്ടർ റാങ്കിംഗിൽ ഒന്നാമത്. 2006-ൽ ആൻഡ്രൂ ഫ്ലിന്റോഫിന് ശേഷം ഒന്നാം റാങ്കിലെത്തുന്ന ആദ്യ ഇംഗ്ളീഷ് ആൾറൗണ്ടറാണ് സ്റ്റോക്സ്. ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ സ്റ്റോക്സ് മൂന്നാം റാങ്കിലേക്കും ഉയർന്നു.
മൂന്നാം ടെസ്റ്റ് ഇൗ മാസം 24ന് മാഞ്ചസ്റ്ററിൽ തുടങ്ങും. ഇതിൽ ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം.