leo

ലോസ്ആഞ്ചലസ് : വർഷങ്ങളായി താമസിച്ച പഴയ വീട്ടിലിപ്പോൾ ആരാകും താമസിക്കുന്നത് എന്നറിയാൻ ലിയോയ്ക്കൊരു മോഹം. പിന്നെ ഒട്ടും വൈകിയില്ല. യു.എസിലെ കാൻസാസിൽ നിന്നും തിരക്കേറിയ റോഡുകളും ഒരു നദിയും താണ്ടി 60 മൈൽ അകലെയുള്ള അയൽ സംസ്ഥാനമായ മിസോറിയിലുള്ള പഴയ വീട്ടിലെത്തി. ! ഇതിലെന്താണ് ഇത്ര അതിശയകരം എന്നാണോ ആലോചിക്കുന്നത്. ഇവിടെ ലിയോ എന്നത് ഒരു വളർത്തു നായയാണ്.

ജൂലായ് 12നാണ് കാൻസാസിലെ ഒലെയ്തയിൽ നിന്നും നാല് വയസുള്ള ലാബ്രഡോർ ഇനത്തിൽപ്പെട്ട ലിയോയെ കാണാതായത്. ദിവസങ്ങൾക്ക് ശേഷം മിസോറിയിലെ ലോസണിലുള്ള തന്റെ പഴയ വീടിന് മുന്നിൽ ലിയോയെ കണ്ടെത്തുകയായിരുന്നു. കോൾട്ടൺ മൈക്കൽ എന്നയാളും കുടുംബവുമാണ് ഇപ്പോൾ ഇവിടെ താമസിക്കുന്നത്.

ഒരു ദിവസം വാതിൽ തുറന്ന മൈക്കൽ കണ്ടത് വീടിന്റെ കതകിന് മുന്നിലിരിക്കുന്ന ലിയോയെയാണ്. ലിയോയിൽ ഘടിപ്പിച്ചിരുന്ന മൈക്രോചിപ്പിലെ വിവരങ്ങൾ പിന്തുടർന്നാണ് താൻ താമസിക്കുന്ന വീടിന്റെ പഴയ ഉടമ ഡ്രൂവിന്റെ വളർത്തുനായയാണ് ലിയോ എന്ന് മൈക്കൽ തിരിച്ചറിഞ്ഞത്. രണ്ട് വർഷങ്ങൾക്ക് മുമ്പാണ് ലിയോയും ഉടമ ഡ്രൂവും കാൻസാസിലേക്ക് താമസം മാറിയത്. തന്നോടൊപ്പം താമസിക്കുമ്പോൾ ലിയോയ്ക്ക് യാതൊരു കുഴപ്പവുമില്ലായിരുന്നു. എന്നാൽ എന്ത് കൊണ്ടാണ് പെട്ടെന്ന് ഒരു ദിവസം പഴയ വീട്ടിലേക്കെത്തിയതെന്ന് ഡ്രൂവിന് ഇപ്പോഴും മനസിലായിട്ടില്ല.