പുതുതായി നിരത്തിലെത്തിയത് 47,668വാഹനങ്ങൾ
കൊച്ചി: കൊവിഡ് ഭീതിയും ലോക്ക്ഡൗണും സൃഷ്‌ടിച്ച സാമ്പത്തിക ഞെരുക്കംമൂലം കഴിഞ്ഞമാസം കേരളത്തിൽ പുതിയ വാഹനങ്ങളുടെ റീട്ടെയിൽ വില്പന കുത്തനെ കുറഞ്ഞു. റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിൽ (ആർ.ടി.ഒ) നിന്ന് ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ (ഫാഡ) സമാഹരിച്ച കണക്കുപ്രകാരം ജൂണിൽ വിറ്റഴിഞ്ഞത് 47,668 വാഹനങ്ങളാണ്. 2019 ജൂണിലെ 78,224 യൂണിറ്റുകളെ അപേക്ഷിച്ച് നഷ്‌ടം 39.06 ശതമാനം.
സാമ്പത്തിക പ്രതിസന്ധിക്ക് പുറമേ വിവിധ മേഖലകൾ ലോക്ക്ഡൗണിൽ ആയതിനാൽ വിതരണം തടസപ്പെട്ടതും വില്പനയെ ബാധിച്ചു. കഴിഞ്ഞമാസം ഇന്ത്യയിലെ മൊത്തം റീട്ടെയിൽ വില്പന നഷ്‌ടം 42 ശതമാനമാണ്. 9.84 ലക്ഷം വാഹനങ്ങളാണ് ജൂണിൽ പുതുതായി നിരത്തിലെത്തിയത്. 2019 ജൂണിൽ ഇത് 16.97 ലക്ഷമായിരുന്നു. ടൂവീലർ 40.92 ശതമാനവും ത്രീവീലർ 75.43 ശതമാനവും വാണിജ്യ വാഹനങ്ങൾ 83.83 ശതമാനവും നഷ്‌ടം കുറിച്ചു. 38.34 ശതമാനമാണ് പാസഞ്ചർ വാഹനങ്ങളുടെ നഷ്‌ടം. അതേസമയം, മികച്ച മൺസൂണിൽ കാർഷിക മേഖല ഉണർവ് നേടിയതിനാൽ ട്രാക്‌ടർ വില്പന 10.86 ശതമാനം ഉയർന്നു. കഴിഞ്ഞവർഷം ജൂണിലെ 40,913ൽ നിന്ന് 45,358 എണ്ണത്തിലേക്കാണ് വർദ്ധന.
നഷ്‌ടത്തിന്റെ ട്രാക്ക്
(ജൂണിൽ കേരളത്തിലെ റീട്ടെയിൽ വില്പന: വിഭാഗം, എണ്ണം, നഷ്‌ടം)
2 വീലർ 37,759 33.03%
3 വീലർ 701 70.78%
വാണിജ്യം 548 81.19%
കാർ 8,624 47.59%
ട്രാക്‌ടർ 36 53.85%
ആകെ 47,668 39.06%