cm-pinarayi-vijayan

തിരുവനന്തപുരം: കൊവിഡിന്റെ സമയത്ത് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും എന്തെങ്കിലും ക്രിയാത്മകമായ നിലപാടുണ്ടായോ എന്നാരാഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് അവലോകന യോഗത്തിനു ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തെ ഇങ്ങനെ വിമർശിച്ചത്. പ്രവാസികൾക്കിടയിലും ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നവരിലും സർക്കാരിനോട് വിരോധം സൃഷ്ടിക്കാൻ പ്രതിപക്ഷം ശ്രമിച്ചുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അതിനോട് സമാനമായി മത്സ്യതൊഴിലാളികൾക്ക് എതിരാണ് സർക്കാർ എന്ന ഹീനമായ പ്രചരണം പ്രതിപക്ഷം ഏറ്റെടുത്തിരിക്കുകയാണ് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു.ആരോടായിരുന്നു പ്രതിപക്ഷത്തിന്റെ വെല്ലുവിളിയെന്നും ബഹുമാനപ്പെട്ട ഹൈകോടതിയോടായിരുന്നോയെന്നും അതോ നാട്ടിലെ ജനങ്ങളോടായിരുന്നോ അതെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

പ്രതിപക്ഷം കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചാൽ അപകടം അവർക്ക് മാത്രമല്ലെന്നും നാടിനാകെയാണെന്നും അദ്ദേഹം പറയുന്നു. അത് മനസിലാകാത്തതുകൊണ്ടാണ് പ്രതിപക്ഷം ഇത്തരത്തിൽ നീചമായ ഒരു രാഷ്ട്രീയ കളിക്ക് തയ്യാറാകുന്നത്. കേരളത്തിൽ ഏറ്റവും മികച്ച നിലയിലാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നത്. രോഗത്തിന്റെ അപകടം തിരിച്ചറിഞ്ഞത് മുതൽ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ സർക്കാർ ആരംഭിച്ചിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

'ഇവിടെ അവരോട് ഒന്നേ ചോദിക്കാനുള്ളൂ. ഈ കൊവിഡ് കാലത്ത് നിങ്ങളുടെ ഭാഗത്തുനിന്നും ക്രിയാത്മകമായ എന്തെങ്കിലും ഒരു നിലപാടുണ്ടായോ? രോഗവ്യാപനം തടഞ്ഞുനിർത്താൻ എന്തെങ്കിലും ഒരു സംഭാവന നിങ്ങൾ നൽകിയോ? മറിച്ച് രോഗം പടർത്താൻ ബോധപൂർവം നിങ്ങൾ നടത്തിയ ശ്രമങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയില്ലേ? കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചും സമരം നടത്തും എന്ന് പ്രഖ്യാപിച്ചവർ ഇവിടെ തന്നെയില്ലേ?' മുഖ്യമന്ത്രി ചോദിക്കുന്നു.