മാഞ്ചസ്റ്റർ : വിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിലെ അതുല്യപ്രകടനം കൊണ്ട് ബെൻ സ്റ്റോക്സ് ഐ.സി.സി ആൾറൗണ്ടർ റാങ്കിംഗിൽ ജാസൺ ഹോൾഡറെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ 18 മാസമായി ഹോൾഡറായിരുന്നു ആൾറൗണ്ടർ റാങ്കിംഗിൽ ഒന്നാമത്. 2006-ൽ ആൻഡ്രൂ ഫ്ലിന്റോഫിന് ശേഷം ഒന്നാം റാങ്കിലെത്തുന്ന ആദ്യ ഇംഗ്ളീഷ് ആൾറൗണ്ടറാണ് സ്റ്റോക്സ്. ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ സ്റ്റോക്സ് മൂന്നാം റാങ്കിലേക്കും ഉയർന്നു.
രണ്ടാം ടെസ്റ്റിലെ രണ്ട് ഇന്നിംഗ്സുകളിൽ നിന്നുമായി ബെൻ സ്റ്റോക്സ് അടിച്ചുകൂട്ടിയത് 254 റൺസാണ്. ആദ്യ ഇന്നിംഗ്സിൽ എട്ടുമണിക്കൂറിലേറെ ക്രീസിൽ നിന്ന് 176 റൺസ്. രണ്ടാം ഇന്നിംഗ്സിൽ 57 പന്തിൽ പുറത്താകാതെ 78 റൺസും.ആദ്യ ഇന്നിംഗ്സിൽ വിൻഡീസ് ടോപ്സ്കോറർ ക്രെയ്ഗ് ബ്രാത്ത് വെയ്റ്റിന്റെ നിർണായക വിക്കറ്റ് വീഴ്ത്തിയതും ബെൻ സ്റ്റോക്സ്. രണ്ടാം ഇന്നിംഗ്സിൽ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി.