pic

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വൈറസ് വ്യാപനം രൂക്ഷമാകുന്നതിനിടെയിൽ കീം പരീക്ഷ നടത്തിയ ഇടതുപക്ഷ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ എം.പി. തിരുവനന്തപുരത്ത് പരീക്ഷ എഴുതിയ രണ്ട് വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ശശി തരൂരിന്റെ പ്രതികരണം. കൊവിഡ് സമ്പർക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ എൻട്രൻസ് പരീക്ഷ നീട്ടി വയ്ക്കണമെന്ന് താൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും സർക്കാരിന്റെ നിരുത്തരവാദപരമായ തീരുമാനത്തിന് കേരളം കനത്ത വില നൽകുകയാണെന്നും ശശി തരൂർ എം.പി പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തരൂർ ഇക്കാര്യം വ്യക്തമാക്കിയത്.

സാമൂഹിക അകലം പാലിക്കാതെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും ഇറങ്ങി വരുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിച്ചിരുന്നു. കൊവിഡ് വ്യാപന സമയത്ത് വിദ്യാർത്ഥികളെ അപകടത്തിലാക്കുന്ന സർക്കാർ നടപടിക്കെതിരെ വലിയ വിമർശനങ്ങളും ഉയർന്നിരുന്നു. വിദ്യാർത്ഥികൾക്ക് രോഗം ബാധിച്ചതോടെ പ്രതിപക്ഷവും സർക്കാരിനെതിരെ രംഗത്തു വന്നു.

അതേസമയം കൊവിഡ് സ്ഥിരീകരിച്ച വിദ്യാർത്ഥിയുടെ കൂടെ പരീക്ഷ എഴുതിയ മറ്റു വിദ്യാർത്ഥികളുടെ പട്ടിക പരീക്ഷാ കമ്മീഷണർ ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ട്. ഇവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കും.

 

സർക്കാരിന്റെ തികച്ചും നിരുത്തരവാദപരമായ ഒരു തീരുമാനത്തിന് കേരളം കനത്ത വില നൽകുകയാണിപ്പോൾ. ലോക്ക് ഡൌൺ കാരണം KEAM പരീക്ഷ...

Posted by Shashi Tharoor on Tuesday, 21 July 2020




.