
ബംഗളുരു: 12 കിലോമീറ്റർ ദൂരം തുടർച്ചയായി ഒാടി കൊലപാതക കേസ് പ്രതിയെ കൈയോടെ പൊക്കി 'തുംഗ". കർണാടക പൊലീസിന്റെ ഡോഗ് സ്‌ക്വാഡിലെ മിടുമിടുക്കിയായ ഡോബർമാനാണ് പത്തു വയസുകാരി തുംഗ. കഴിഞ്ഞ 10ന് ബംഗളൂരുവിൽ നിന്ന് 260 കി.മീ അകലെ ദാവെൻഗരെ ജില്ലയിൽ ബസവപട്ടണയിൽ ചന്ദ്രനായക്ക് എന്നയാളെ വെടിവച്ച് കൊന്ന പ്രതിയെയാണ് തുംഗ അതിസമർത്ഥമായി പിടികൂടിയത്. സാധാരണ പൊലീസ് നായ മണം പിടിച്ച് അഞ്ചു കി.മി വരെയെ ഓടാറുള്ളൂ എന്നിരിക്കെയാണിത്.
ചന്ദ്രനായക് കൊലചെയ്യപ്പെട്ട് ഒരാഴ്ചക്ക് ശേഷമാണ് പൊലീസിന് പ്രതിയായ ചേതനെക്കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന്, പ്രതിയെ പിടികൂടാൻ പൊലീസ് തുംഗയുടെ സഹായം തേടി. സംഭവം നടന്ന സ്ഥലത്ത് രാത്രി 9.30 ഓടെ എത്തി തുംഗ, 12 കിലോമീറ്റർ ഓടി കാശിപൂരിലെ പ്രതിയുടെ താമസിച്ചിരുന്ന ബന്ധു വീടിന്റെ മുന്നിലാണ് ഓട്ടം അവസാനിപ്പിച്ചത്.അപ്പോഴേക്കും സമയം പാതിരാത്രി കഴിഞ്ഞിരുന്നു.
വീട്ടിലുള്ളവരെ ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥർ സംശയകരമായി പെരുമാറിയ കുടുംബാംഗങ്ങളിൽ ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരങ്ങൾ ചുരുളഴിഞ്ഞത്. കൊല ചെയ്യപ്പെട്ട വ്യക്തിയിൽ നിന്നും ഒരുലക്ഷം രൂപ കടം വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി ചേതൻ പൊലീസിനോട് സമ്മതിച്ചു. പൊലീസ് സ്റ്റേഷനിൽ നിന്ന് മോഷ്ടിച്ച റിവോൾവർ ഉപയോഗിച്ചായിരുന്നു വെടിവച്ചതെന്നും ചേതൻ മൊഴി നൽകി. കൊലയ്ക്ക് സഹായിച്ച ചേതന്റെ രണ്ട് കൂട്ടാളികളെയും പൊലീസ് പിടികൂടി.
ഇതിന് മുൻപ് 50ഓളം കൊലപാതക കേസിലും 60ഓളം മോഷണക്കേസിലും പ്രതികളെ പിടികൂടാൻ സഹായിച്ച തുംഗ പൊലീസ് ഡിപ്പാർട്ട്‌മെന്റിൽ അറിയപ്പെടുന്ന 'സെലിബ്രിറ്റിയാണ്'.