ബ്രസൽസ് : ഈ കൊവിഡ് കാലത്ത് ലോകത്തുള്ള എല്ലാ ആഘോഷങ്ങളും ആചാരങ്ങളും മാറ്റിവയ്ക്കപ്പെട്ടിരിക്കുകയാണ്. എന്നാൽ ഫെറോ ഐലൻഡ്സ് എന്ന കൊച്ചു ദ്വീപിലെ സ്ഥിതിയിതല്ല. സമുദ്രത്താൽ ചുറ്റപ്പെട്ട ഈ ദ്വീപിലെ കടൽത്തിരകൾക്ക് ഇപ്പോൾ ചുവന്ന നിറമാണ്. ആഹാരത്തിനായി വേട്ടയാടപ്പെടുന്ന തിമിംഗലങ്ങളുടെ രക്തമാണിത് !
എല്ലാ വർഷവും ജൂലായ് മാസത്തിൽ ഫെറോ ദ്വീപ് നിവാസികൾ മുങ്ങാതെ പിന്തുടരുന്ന ഒന്നാണ് തിമിംഗല വേട്ട. ഏകദേശം 1,000 വർഷത്തോളം പഴക്കമുണ്ട് ഫെറോ ദ്വീപിലെ ഈ പരമ്പരാഗത തിമിംഗലവേട്ടയ്ക്ക്. തിമിംഗലത്തിന്റെ മാംസവും അതിന്റെ കൊഴുപ്പും ഫെറോ ദ്വീപിലുള്ളവരുടെ പരമ്പരാഗത ഭക്ഷണമാണ്. ശൈത്യകാലത്തേക്ക് വേണ്ടി ഇവയുടെ മാംസം ഉണക്കി സൂക്ഷിക്കാറുമുണ്ട്. മൂർച്ചയേറിയ കുന്തം കഴുത്തിലൂടെ കുത്തിയിറക്കിയാണ് തിമിംഗലങ്ങളെ കൊല്ലുന്നത്. ഇത് അവയുടെ നട്ടെല്ലിലേക്ക് നേരിട്ട് ആഴ്ന്നിറങ്ങുന്നു. ഇത്തവണ 252 പൈലറ്റ് തിമിംഗലങ്ങളേയും 35 അറ്റ്ലാൻഡിക് വൈറ്റ് - സൈഡഡ് ഡോൾഫിനുകളെയുമാണ് കഴിഞ്ഞ ദിവസം മാത്രം ഇവിടെ കൊന്നത്.
നോർത്ത് അറ്റ്ലാന്റിക് സമുദ്രത്തിൽ ബ്രിട്ടൻ, നോർവെ, ഐസ്ലാൻഡ് എന്നീ രാജ്യങ്ങൾക്കിടയിലാണ് ഫെറോ ഐലൻഡ്സ് സ്ഥിതി ചെയ്യുന്നത്. പൈലറ്റ് തിമിംഗലങ്ങളാണ് ഇവിടെ വൻതോതിൽ വേട്ടയാടപ്പെടുന്നത്. ഇവയെ കൂടാതെ വൈറ്റ് - സൈഡഡ് ഡോൾഫിനുകളുടെ മാംസവും ഭക്ഷിക്കാൻ ഉപയോഗിക്കുന്നു. വർഷത്തിൽ ഏകദേശം 100,000 ത്തോളം പൈലറ്റ് തിമിംഗലങ്ങളാണ് ഫെറോ ദ്വീപിന്റെ തീരത്തു കൂടി കടന്നു പോകുന്നത്. തിമിംഗല വേട്ടക്കാർ ഫെറോ ഭരണകൂടത്തിൽ നിന്നും ലൈസൻസ് വാങ്ങേണ്ടതുണ്ട്. ഇവിടെ പ്രതിവർഷം 800 പൈലറ്റ് തിമിംഗലങ്ങളെങ്കിലും വേട്ടയാടപ്പെട്ടുവെന്നാണ് ബ്ലൂ പ്ലാനെറ്റ് സൊസൈറ്റിയുടെ കണക്ക്. യൂറോപ്യൻ യൂണിയന്റെ ഭാഗമായ ഡെൻമാർക്കിന്റെ അധീനതയിലാണ് ഫെറോ ദ്വീപുകൾ.
നിരവധി പരിസ്ഥിതി സംഘടനകൾ തിമിംഗല വേട്ടയ്ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ടെങ്കിലും യാതൊരു ഫലവുമില്ല.
ഏകദേശം 50,000 പേർ താമസിക്കുന്ന ഫെറോ ദ്വീപിൽ ആകെ 191 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 188 പേർക്ക് രോഗം ഭേദമായി. തുടർന്ന് ജൂലായ് 7നാണ് തിമിംഗലവേട്ടയ്ക്കുള്ള അനുമതി പ്രാദേശിക ഭരണകൂടം നൽകിയത്. എന്നാൽ എല്ലാ തവണത്തെയും പോലെ വലിയ സംഘമായി വേട്ട വേണ്ട എന്ന നിർദ്ദേശമുണ്ട്.