ന്യൂഡൽഹി: ബജാജ് ഫിനാൻസിന്റെ നോൺ-എക്‌സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്തു നിന്ന് രാഹുൽ ബജാജ് (82) ഈമാസം 31ന് പടിയിറങ്ങും. നോൺ-എക്‌സിക്യൂട്ടീവ്, നോൺ-ഇൻഡിപെൻഡന്റ് ഡയറക്‌ടറായി അദ്ദേഹം തുടരും. നിലവിൽ വൈസ് ചെയർമാനായ സഞ്ജീവ് ബജാജ്, ആഗസ്‌റ്ര് ഒന്നിന് നോൺ-എക്‌സിക്യൂട്ടീവ് ചെയർമാനായി ചുമതലയേൽക്കുമെന്ന് സ്‌റ്രോക്ക് എക്‌സ്‌ചേഞ്ചിന് സമർപ്പിച്ച കത്തിൽ കമ്പനി വ്യക്തമാക്കി.
ബജാജ് ഫിൻസെർവിന്റെ ചെയർമാനും മാനേജിംഗ് ഡയറക്‌ടറും ബജാജ് അലയൻസിന്റെ ചെയർമാനുമാണ് സഞ്ജീവ് ബജാജ്. ബജാജ് ഗ്രൂപ്പിൽ അഞ്ചു പതിറ്രാണ്ടിന്റെ പ്രവർത്തന സമ്പത്തുള്ള രാഹുൽ ബജാജ്, 1987ൽ ബജാജ് ഫിനാൻസിന്റെ ആരംഭം മുതൽ നായകസ്ഥാനത്തുണ്ട്. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ അദ്ദേഹം നടത്തിയ വിമർശനങ്ങൾ വൻ ചർച്ചകൾക്ക് വഴിവച്ചിരുന്നു.
ബജാജ് ഫിനാൻസ് നടപ്പുവർഷത്തെ ആദ്യപാദമായ ഏപ്രിൽ-ജൂണിൽ കുറിച്ചത് 19.49 ശതമാനം ഇടിവോടെ, 962.32 കോടി രൂപയുടെ ലാഭമാണ്. വരുമാനം 14.52 ശതമാനം താഴ്‌ന്ന് 6,648.20 കോടി രൂപയിലെത്തി. കമ്പനിയുടെ ഓഹരികൾ ഇന്നലെ ബി.എസ്.ഇയിൽ 4.31 ശതമാനം നഷ്‌ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.