madura-cbi-court

മഥുര: കോളിളക്കം സൃഷ്ടിച്ച രാജസ്ഥാനിലെ രാജാ മാൻസിംഗ് ഏറ്റുമുട്ടൽ കൊലക്കേസിൽ മുൻ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഉൾപ്പെടെ 11 പൊലീസുകാർ കുറ്റക്കാരാണെന്ന് മഥുരയിലെ സ്പെഷ്യൽ സി.ബി.ഐ കോടതി വിധിച്ചു.

സംഭവം നടന്ന് 35 വർഷത്തിന് ശേഷമാണ് വിധി വരുന്നത്.ശിക്ഷ ഇന്ന് വിധിക്കും.

1985 ഫെബ്രുവരി 21നാണ് ഭരത്‌പൂർ രാജകുടുംബാംഗവും ദീഗ് മണ്ഡലത്തിലെ സ്വതന്ത്ര എം.എൽ.എയുമായിരുന്ന രാജാ മാൻസിംഗ് പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടത്.

പ്രതിഷേധം കത്തിപ്പടർന്നതോടെ അന്നത്തെ കോൺഗ്രസ് മുഖ്യമന്ത്രി ശിവ്ചരൺ മാഥൂറിന് രാജിവയ്ക്കേണ്ടിവന്നു. മുഖ്യമന്ത്രിയുടെ രാജിയോടെ രാഷ്ട്രീയ കോലാഹലങ്ങൾ ശമിച്ചെങ്കിലും നിയമയുദ്ധം തുടർന്നു. കേസ് സി.ബി.ഐ ഏറ്റെടുത്തു. രാജാ മാൻസിംഗിന്റെ മകളും രാജസ്ഥാനിലെ അവസാന ബി.ജെ.പി സർക്കാരിലെ ടൂറിസം മന്ത്രിയായിരുന്നു കൃഷ്ണേന്ദ കൗർ ദീപയുടെ ഹർജി പരിഗണിച്ച് സുപ്രീം കോടതി കേസിന്റെ വാദം മഥുരയിലേക്ക് മാറ്റി.

മുഖ്യമന്ത്രിയുടെ കോപ്ടറിൽ

ജീപ്പിടിച്ച് കയറ്രി

1985ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണവേളയിലാണ് രാജാമാൻസിംഗും രണ്ട് കൂട്ടാളികളും കൊല്ലപ്പെട്ടത്. ദീഗ് മണ്ഡലത്തിൽ വീണ്ടും മത്സരിക്കാനിറങ്ങിയ രാജാ മാൻസിംഗിനെതിരെ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനായ ബ്രിജേന്ദ്ര സിംഗിനെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയത്. ഫെബ്രുവരി 20ന് മുഖ്യമന്ത്രി ശിവ്ചരൺ മാഥൂർ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പ്രചരണത്തിനായി മണ്ഡലത്തിലെത്തി.

കോൺഗ്രസ് പ്രവർത്തകർ തന്റെ കൊടികളും തോരണങ്ങളും നശിപ്പിച്ചതറിഞ്ഞ രാജാ മാൻസിംഗ് കുപിതനായി. യോഗസ്ഥലത്ത് ജീപ്പിൽ എത്തിയ രാജാ മാൻസിംഗ് മുഖ്യമന്ത്രിയുടെ ഹെലികോപ്ടറിലേക്ക് ജീപ്പ് രണ്ട്തവണ ഇടിച്ചുകയറ്റി.

പൊലീസ് കേസെടുത്തതോടെ രാജാ മാൻസിംഗ് പിറ്റേന്ന് രണ്ട് കൂട്ടാളികളോടൊപ്പം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങാൻ പോയി. ഇതിനിടെയാണ് ഡി.വൈ.എസ്.പി. കാൻ സിംഗ് ഭാട്ടിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവർക്കെതിരെ വെടിവച്ചത്. രാജാ മാൻസിംഗും രണ്ട് കൂട്ടാളികളും കൊല്ലപ്പെട്ടു.

രണ്ട് ദിവസത്തിന് ശേഷം മുഖ്യമന്ത്രി ശിവ്ചരൺ മാഥൂർ രാജിവെച്ചു. ഫെബ്രുവരി 28ന് കേസ് സി.ബി.ഐ ഏറ്റെടുത്തു. 18 പോലീസുകാർ പ്രതികളായുണ്ടായിരുന്നു. നാല് പേർ വിചാരണയ്‌ക്കിടെ മരിച്ചു. മൂന്ന് പേരെ കോടതി വെറുതെവിട്ടു. മുൻ ഡി.വൈ.എസ്.പി. കാൻസിംഗ് ഭാട്ടി അടക്കം മറ്റ് 11 പ്രതികളും കുറ്റക്കാരാണെന്നാണ് ഇപ്പോൾ കോടതി കണ്ടെത്തിയത്.

രാജാ മാൻസിംഗ്

രാജസ്ഥാൻ ഭരത്പൂരിലെ അവസാന ഭരണാധികാരി മഹാരാജ സവായി വ്രജേന്ദ്രസിംഗിന്റെ സഹോദരനും മഹാരാജ കിഷൻസിംഗിന്റെ മകനുമാണ് രാജാ മാൻസിംഗ്.

1921 ഡിസംബർ അഞ്ചിന് ജനനം.

ഇംഗ്ളണ്ടിൽ എൻജിനീയറിംഗ് പഠിച്ചു.

 1952 - 1984 കാലത്ത് ദീഗിൽ നിന്ന് 7 തവണ സ്വതന്ത്ര എം.എൽ.എയായി