disa

തിരുവനന്തപുരം: 32 വയസായ തൃശൂർ സ്വദേശി ലാബ് ടെക്‌നീഷ്യൻ ജോലി നഷ്‌ടപ്പെട്ട് ഒരാഴ്ച മുമ്പാണ് ഗൾഫിൽ നിന്ന് നാട്ടിലേയ്ക്ക് മടങ്ങിയെത്തിയത്. അസുഖബാധിതയായ അമ്മയും വിവാഹമോചനം നേടിയ പെങ്ങളും പെങ്ങളുടെ കുട്ടികളും ബുദ്ധിമാന്ദ്യം സംഭവിച്ച സഹോദരനും ഏക അത്താണി ഈ പ്രവാസിയായിരുന്നു. നാട്ടിലേയ്ക്ക് മടങ്ങിയെത്തിയ ഇദ്ദേഹത്തിന് രാത്രി ഉറക്കം കിട്ടാറില്ല. ഉറങ്ങാൻ കിടന്നിട്ടും ഭാവിയെപ്പറ്റിയും കുടുംബത്തെപ്പറ്റിയും ആലോചിക്കുമ്പോൾ ഉറങ്ങാനാകാത്ത അവസ്ഥ.

ആത്‌മഹത്യാ ചിന്തയിലേക്കും കടുത്ത മാനസിക സംഘർഷത്തിലേയ്ക്കും നീങ്ങുന്നതിനിടെയാണ് ഇദ്ദേഹം ഫോണെടുത്ത് ആരോഗ്യ വകുപ്പിന്റെ ദിശ ഹെൽപ്പ്‌ ഡെ‌സ്‌കിലേയ്ക്ക് വിളിക്കുന്നത്. പെട്ടെന്ന് കരയുകയും വൈകാരികമായി സംസാരിക്കുകയും ചെയ്യുകയായിരുന്നു അദ്ദേഹം.

ഇതൊരു തൃശൂർ സ്വദേശിയിൽ മാത്രം ഒതുങ്ങുന്നതല്ല. പ്രവാസികൾ കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് ഈ കൊവിഡ് കാലത്ത് കടന്നുപോകുന്നത്.

ജോലി നഷ്ടപ്പെട്ടതിനെയും ബിസിനസ് തർന്നതിനെയും തുടർന്ന് ജീവനൊടുക്കിയവരും കൊവിഡ് ഭീതിയിൽ മാനസിക സമ്മർദം കൂടി ഹൃദയാഘാതം വന്ന് മരിച്ച പ്രവാസികളും ധാരാളമാണ്. നാട്ടിലെ കുടുംബത്തിന്റെ ഏക ആശ്രയമാണ് മിക്കവരും. ജോലി ഇല്ലാത്തതും ശമ്പളം വെട്ടിക്കുറച്ചതുമൊക്കെ കാരണം ബാങ്ക് വായ്പകളും കടബാദ്ധ്യതകളും എങ്ങനെ വീട്ടുമെന്നറിയാതെ സമ്മർദ്ദത്തിലായവരുമുണ്ട്. രോഗം പിടിപെടുമോ എന്ന ഭയത്തിനൊപ്പം വീട്ടു ചെലവിന് നാട്ടിലേക്ക് പണം അയയ്ക്കാൻ കഴിയാത്തതിന്റെ ടെൻഷൻ വേറെ. ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തുമ്പോഴുണ്ടാകുന്ന നാണക്കേട് ഭയക്കുന്നവരും കുറവല്ല.

ജോലി പോയതും ശമ്പള പ്രതിസന്ധിയുമൊക്കെ നാട്ടിലെ കുടുംബത്തെ അറിയിക്കാതെ പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നവരും ധാരാളം. ജോലി നഷ്ടപ്പെട്ടിട്ടും കുടുംബ പ്രാരാബ്ധം ഓർത്ത് നാട്ടിലേക്ക് മടങ്ങാൻ ആലോചിക്കാതെ മറ്റൊരു ജോലിക്കായി ശ്രമിക്കുകയാണ് പലരും.

ഉറക്കം കിട്ടാതെ പ്രവാസികൾ

സംസ്ഥാനത്ത് മടങ്ങിയെത്തിയ പ്രവാസികളിൽ പലരും കടുത്ത മാനസിക സംഘർഷമാണ് അനുഭവിക്കുന്നതെന്ന് ആരോഗ്യവി‌ദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. മടങ്ങിവന്ന് ക്വാറന്റൈനിൽ ഇരിക്കുന്ന പലർക്കും രാത്രി ഉറക്കം പോലും കിട്ടാത്ത അവസ്ഥയാണ്. ദിശയിലേയ്ക്ക് രാത്രിസമയത്ത് ഇടതടവില്ലാതെയാണ് ഫോൺ കോളുകൾ വരുന്നത്. നാട്ടിലേക്കെത്തിയ വിമാനത്തിൽ കൊവിഡ് രോഗിയുണ്ടെന്നും തങ്ങൾ പ്രാഥമിക സമ്പർക്ക പട്ടികയിൽപ്പെട്ടവരാണെന്നും അറിഞ്ഞാൽ ഇവരുടെ മാനസിക സമ്മർദ്ദം വർദ്ധിക്കും. ഇവർക്കെല്ലാം ദിശയിലെ കൗൺസിലർമാർ കൃത്യമായ കൗൺസിലിംഗ് നൽകുന്നുണ്ട്. കൗൺസിലിംഗ് നൽകിയിട്ടും മാനസിക സംഘർഷം കുറയാത്തവർക്ക് അതാത് ജില്ലകളിലെ ഡിസ്‌ട്രിക്‌ട് മെന്റൽ ഹെൽത്ത് പ്രോഗ്രാം ഓഫീസുകളിലെ നമ്പർ നൽകും. ബാക്കി ഫോളോ അപ്പ് കൗൺസിലിംഗ് നൽകുന്നത് ഡി.എം.എച്ച്.പിയാണ്.

ഗർഭിണികൾക്കും ആശങ്ക

മടങ്ങിവരുന്ന പ്രവാസികളിൽ നല്ലൊരു ശതമാനം ഗർഭിണികളാണ് ദിശയിലേയ്ക്ക് വിളിക്കുന്നത്. വിമാനം കയറും മുമ്പേ തന്നെ ഇവരുടെ വിളി വരും. ഈ അവസ്ഥയിൽ എങ്ങനെ ആശുപത്രിയിൽ പോകും, കുട്ടിയെ ജീവനോടെ കിട്ടുമോ തുടങ്ങി ആകുലതകളാണ് ഇവർക്ക്. വരുന്ന ഗർഭിണികൾക്ക് പതിനാല് ദിവസത്തെ നിരീക്ഷണ കാലാവധി കഴിഞ്ഞ് മാത്രമേ ആശുപത്രിയിലേയ്ക്ക് പോകാൻ സാധിക്കുകയുള്ളൂ. കുട്ടിയുടെ നിലവിലെ സ്ഥിതി അറിയാൻ സ്‌കാനിംഗിന് പോലും പോകാൻ സാധിക്കാത്താത് ഇവരെ വല്ലാതെ തളർത്തുന്നു.

ആശുപത്രി മുറിയിൽ ഒറ്റയ്ക്ക്

ആരോഗ്യപരമായ കാര്യങ്ങൾക്ക് അത്യാവശ്യമായി നാട്ടിലെത്തുന്ന പ്രവാസികൾ കടുത്ത ഏകാന്തയാണ് അനുഭവിക്കുന്നത്. കിഡ്‌നി പ്രശ്‌നമുള്ളവർ, വിവിധ സർജറി നടത്താനുള്ളവർ, ക്യാൻസർ ചികിത്സ തുടങ്ങി ആവശ്യങ്ങൾക്ക് വരുന്ന പ്രവാസികൾക്ക് ഒന്നും തന്നെ വന്നയുടൻ ആശുപത്രികളിലേയ്ക്ക് പോകാനുള്ള സാഹചര്യമില്ല. ആശുപത്രിയിലേയ്ക്ക് പോകുന്നവർക്ക് ആകട്ടെ കൂട്ടിരിപ്പുകാരെ ഒപ്പം ഇരുത്താൻ സാധിക്കാറില്ല. ഈ വിഷമതകളെല്ലാം മാറ്റാൻ ദിശയിലേയ്ക്കാണ് കോളുകൾ നിരന്തരം എത്തുന്നത്.

അന്യദേശത്ത് നിന്നും വിളികൾ

നാട്ടിലേയ്ക്ക് മടങ്ങിയെത്തുന്നവർ മാത്രമല്ല അന്യ രാജ്യങ്ങളിൽ ഉള്ളവരും അവിടെ നിന്ന് നിരന്തരം ദിശയിലേയ്ക്ക് വിളിക്കാറുണ്ട്. കൊവിഡുമായി ബന്ധപ്പെട്ട് ദിശയിലേയ്ക്ക് ഇതുവരെ രണ്ടരലക്ഷം അടുപ്പിച്ച് ഫോൺ കോളുകളാണ് വന്നത്. അതിൽ പതിനഞ്ച് ശതമാനവും അന്യദേശത്ത് നിന്ന് സഹായം തേടിയെത്തിയ വിളികളാണ്. വിദേശ രാജ്യങ്ങളിലെ ചികിത്സ കാര്യക്ഷമമല്ലാത്തതിനാൽ ഞങ്ങൾ രക്ഷപ്പെടുമോയെന്ന് ചോദിച്ച് വിളിക്കുന്നവരാണ് അധികവും. ഇവർക്കായി വിദഗ്‌ധരായ ഡോക്‌ടർമാരുടെ സേവനം വീഡിയോ കോൺഫറൻസിംഗ് വഴി ഏർപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യൻ സമയം രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയാകും ഡോക്‌ടർമാരെ ലഭ്യമാവുക. സാമ്പത്തിക പ്രതിസന്ധിയും കോവിഡ് പകരുമോയെന്ന ഭീതിയുമാണ് മിക്കവരുടെയും മാനസിക സമ്മർദ്ദം കൂട്ടുന്നതെന്ന് കൗൺസലിംഗ് വിദഗ്ധർ പറയുന്നു. ഒറ്റയ്ക്കും കൂട്ടായും താമസിക്കുന്നവർക്കിടയിലും ലേബർ ക്യാമ്പുകളിൽ കഴിയുന്നവരിലുമാണ് ഇത് ഏറെയും. മാസ്‌ക് ധരിച്ചും കൈകൾ പതിവായി സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കിയുമെല്ലാം മുൻകരുതൽ സ്വീകരിച്ചാലും ഉള്ളിലെ ഭയം മാറില്ലെന്ന് പ്രവാസികളിൽ ചിലർ തുറന്നു പറയുന്നു.

സൗജന്യ പരിശോധന വേണം

നാട്ടിൽ ജോലിയൊന്നും കിട്ടില്ലെന്ന് മനസിലായ പലരും വന്ന രാജ്യങ്ങളിലേയ്ക്ക് തന്നെ മടങ്ങിപോകാൻ തുടങ്ങിയിട്ടുണ്ട്. ഇത്തരത്തിലുള്ളവർക്ക് കൊവിഡ് പരിശോധന സർക്കാർ നടത്തില്ല. മൂവായിരത്തോളം രൂപ കൊടുത്ത് സ്വകാര്യ ലാബുകളിൽ പരിശോധന നടത്തിയാണ് ഇവർ മടങ്ങിപോകുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സർക്കാർ ഇടപെട്ട് പരിശോധന നടത്തണമെന്ന ആവശ്യം ആരോഗ്യവകുപ്പിലുള്ള പലർക്കും ഉണ്ട്. ഇത് ആവശ്യപ്പെട്ട് ദിശയിലേയ്ക്ക് നിരന്തരം ഫോൺ കോളുകൾ എത്താറുമുണ്ട്.

'ദിശ'യാണ് ആശ്രയം

 നാട്ടിലേയ്ക്ക് മടങ്ങിയെത്താനുള്ള രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് പ്രവാസികൾ ദിശയിലേയ്ക്കാണ് വിളിക്കുന്നത്.

 നാട്ടിലേയ്ക്ക് മടങ്ങിയെത്തുന്നവർ അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. ആരോഗ്യ കേന്ദ്രങ്ങൾ അറിയാത്തവരും നമ്പ‌ർ കൈവശമില്ലാത്തവർക്കും ഉത്തരം നൽകുന്നത് ദിശയാണ്.

 14 ദിവസത്തെ ക്വാറന്റൈൻ കാലാവധി കഴിഞ്ഞശേഷം 14 ദിവസം ഒബ്സർവേഷൻ പിരീഡും ഉണ്ടെന്നാണ് സർക്കാർ പറഞ്ഞിരിക്കുന്നത്. 14 ദിവസം പ്രതീക്ഷിച്ചവർ അതുകഴിഞ്ഞ് പുറത്തിറങ്ങാൻ കഴിയാത്തതിന്റെ പരിഭവം പറഞ്ഞ് വിളിക്കും.

 നിരീക്ഷണ കാലാവധിയൊക്കെ കഴിഞ്ഞ് പുറത്തിറങ്ങിയാലും പ്രവാസികളെ നാട്ടുകാർ വിടില്ല. ആ പരാതി തീർക്കാനും വിളിവരുന്നത് ദിശയിലേയ്ക്ക് തന്നെ.

 ഒബ്‌സർവേഷൻ പിരീഡിൽ അത്യാവശ്യ യാത്രകൾ മാത്രമേ പാടുള്ളൂവെന്നാണ് സർക്കാർ ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. ഏതാണ് അത്യാവശ്യ യാത്രകളെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല. ഈ ആശയക്കുഴപ്പം തീർക്കാനും വിളി വരുന്നത് ദിശയിലേയ്ക്കാണ്.

അൽപ്പം മനുഷ്യത്വമൊക്കെ വേണ്ടേ..

കഴിഞ്ഞ ദിവസം തലസ്ഥാനത്ത് ലിവർ സിറോസിസുള്ള ഒരാളെ കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്ക് കൊവിഡ് കേന്ദ്രത്തിൽ നിന്ന് കൊടുക്കുന്ന ആഹാരം കഴിക്കാനാകില്ല. എരിവും ഉപ്പുമൊന്നും ഇല്ലാത്ത ആഹാരമേ കഴിക്കാൻ പാടുള്ളൂ. ഇയാളുടെ മകൻ വീട്ടിൽ നിന്ന് ആഹാരവുമായി ആശുപത്രിയിൽ വന്ന് അച്ഛന് ആഹാരം കൊടുക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റി. എന്നാൽ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം പുറത്ത് നിന്നുള്ള ആഹാരം രോഗിയ്ക്ക് കൊടുക്കാനാകില്ല. മകൻ കരഞ്ഞ് നിലവിളിച്ച് വിളിച്ചത് ദിശയിലേയ്ക്ക്. ആശുപത്രി പി.ആർ.ഒയുമായി ബന്ധപ്പെട്ട് മനുഷ്യത്വപരമായ ഇടപെടൽ ദിശ നടത്തി. ഒടുവിൽ അയാൾ വീട്ടിൽ നിന്ന് മകൻ കൊണ്ടുവന്ന ആഹാരം തന്നെ കഴിച്ചു.