fighter-jet

ന്യൂഡൽഹി: വടക്കേ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട നാവികസേനാ ബേസുകളിൽ കരുത്തുറ്റ മിഗ് 29 കെ ഫൈറ്റർ ജെറ്റുകളെ രംഗത്തിറക്കാനൊരുങ്ങി ഇന്ത്യ. ലഡാക്കിലെ ഇന്ത്യ-ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിലുള്ള രാജ്യത്തിന്റെ ഈ നീക്കം ചൈനയെ തന്നെ ലക്ഷ്യം വച്ചിട്ടുള്ളതാണെന്നാണ് അനുമാനം. ഇന്ത്യൻ നാവികസേനയുടെ കൈവശം 40 റഷ്യൻ നിർമിത മിഗ് 29 കെ വിമാനങ്ങളാണ് നിലവിൽ ഉള്ളത്.

ഇതിൽ 18 വിമാനങ്ങൾ ഇന്ത്യൻ യുദ്ധക്കപ്പലായ 'ഐ.എൻ.എസ് വിക്രമാദിത്യ'യിലാണ് വിന്യസിക്കപ്പെട്ടിരിക്കുന്നത്. ബാക്കിയുള്ള വിമാനങ്ങൾ നിലവിൽ ഗോവയിലാണുള്ളത്. ഇവിടെയുള്ള വിമാനങ്ങൾ ലഡാക്കിലേക്ക് എത്തിക്കുന്നത് രാജ്യത്തെ വ്യോമസേന വിഭാഗമാണ്.

ഇത്തരത്തിൽ നിരവധി വീമാനങ്ങൾ ഇപ്പോൾ തന്നെ വ്യോമസേന ലഡാക്കിലേക്ക് എത്തിച്ചിട്ടുണ്ട്. ലഡാക്കിലെ ചൈനീസ് അധിനിവേശങ്ങളെ ചെറുക്കുന്നതിനായി ഇന്ത്യൻ കരസേനയോടൊപ്പം നാവിക സേനയും തോളോട് തോൾ പ്രവർത്തിച്ചിരുന്നു.

ഇതോടൊപ്പം വ്യോമസേനയ്ക്ക് കരുത്തു പകരാനായി അഞ്ച് റാഫേൽ യുദ്ധവിമാനങ്ങൾ കൂടിയെത്തുന്നുവെന്ന വിവരവും ഇന്നലെ പുറത്തുവന്നിരുന്നു. റാഫേൽ ജെറ്റ് വിമാനങ്ങളുടെ ആദ്യ ബാച്ചിലെ അഞ്ച് യുദ്ധവിമാനങ്ങളാണ് ജൂലായ് 29തോടെ ഇന്ത്യയിലെത്തുന്നത്.

'ഗെയിം ചേഞ്ചർ' വിമാനം ജൂലായ് 29 ന് ഹരിയാനയിലെ അംബാല എയർഫോഴ്സ് സ്റ്റേഷനിൽ എത്തുമെന്നും വ്യോമസേന അറിയിച്ചു. ഓഗസ്റ്റ് 20 ഓടെ വിമാനങ്ങൾ ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാകും. ഇന്ത്യൻ വ്യോമസേനയുടെ എയർ ക്രൂവും ഗ്രൗണ്ട് ക്രൂവും വിമാനത്തിൽ സമഗ്ര പരിശീലനം നടത്തി കഴിഞ്ഞു. റാഫേലിന്റെ നൂതനമായ ആയുധ സംവിധാനങ്ങളെല്ലാം പ്രവർത്തന സജ്ജമാണ്.