അബുദാബി: 2020-2021 അദ്ധ്യയന വർഷത്തിലേക്കുളള ക്ലാസുകൾ ആരംഭിക്കാൻ സ്കൂളുകൾക്ക് അനുമതി നൽകി അബുദാബി സർക്കാർ. മുഴുവൻ വിദ്യാർത്ഥികളും അദ്ധ്യാപകരും മറ്റു സ്റ്റാഫുകളും സ്കൂളിലേക്ക് വരുന്നതിന് മുമ്പായി കൊവിഡ് പരിശോധന നടത്തണം. യു.എ.ഇയിലെ എല്ലാ സ്കൂളുകൾക്കും കോളേജുകൾക്കും ഇത് ബാധകമായിരിക്കുമെന്നും അബുദാബി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
സെപ്റ്റംബറോടെയാണ് സ്കൂളുകൾ തുറക്കുക. വിദ്യാർത്ഥികളും അദ്ധ്യാപകരും എവിടെയെല്ലാം പോയിരുന്നുവെന്ന് സംബന്ധിക്കുന്ന യാത്രാവിവരങ്ങൾ കെെമാറണം. അൽഹോസ്ൻ ആപ്ലിക്കേഷൻ നിർബന്ധമായും ഉപയോഗിക്കണം. 12 വയസിനു മുകളിലുളള മുഴുവൻ വിദ്യാർത്ഥികളും സ്കൂളിൽ വരുമ്പോൾ മാസ്ക് ധരിക്കണം തുടങ്ങിയ പ്രതിരോധ നടപടികളാണ് അബുദാബി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കാൻ ഉദേശിക്കുന്നത്. ഇത് സംബന്ധിക്കുന്ന മാർഗനിർദേശങ്ങൾ അതാത് സ്കൂളുകളിലേക്ക് അയച്ചതായും അധികൃതർ വ്യക്തമാക്കുന്നു.
കൃത്യമായ പ്രതിരോധ നടപടികൾ പാലിച്ചേ അദ്ധ്യയന വർഷം ആരംഭിക്കുകയുളളുവെന്നും ഇത് സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.