തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. ഹംസദ് എന്നയാളെയാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. കേസിലെ പ്രതിയായ ഫൈസൽ ഫരീദിന്റെ സഹായി എന്ന് കരുതുന്ന റബിൻസിന്റെ പാസ്‌പോർട്ട് കണ്ടുകെട്ടാനുള്ള നടപടി കസ്റ്റംസ് ആരംഭിച്ചു. സ്വർണം അയക്കാൻ ഫൈസലിനെ സഹായിച്ചത് റബിൻസാണെന്ന് കസ്റ്റംസ് നേരത്തെ കണ്ടെത്തിയിരുന്നു.
കേസിലെ രണ്ടാംപ്രതി സ്വപ്‌ന സുരേഷ് കള്ളക്കടത്തിലൂടെ നേടിയ വൻ സമ്പത്ത് ഭീകരപ്രവർത്തനത്തിന് ഉപയോഗിച്ചതായി ദേശീയ അന്വേഷണ ഏജൻസി സൂചിപ്പിച്ചത് പുതിയ വിവാദത്തിന് കളമൊരുക്കി.സ്വപ്‌ന സുരേഷിനെയും നാലാംപ്രതി സന്ദീപ് നായരെയും ഇന്നലെ എൻ.ഐ.എ കോടതിയിൽ ഹാജരാക്കിയപ്പോൾ സമർപ്പിച്ച കസ്റ്റഡി റിപ്പോർട്ടിലാണ് അമ്പരപ്പിക്കുന്ന വിവരം. സ്വപ്നയ്‌ക്ക് ബാങ്കുകളിലും മറ്റിടപാടുകളിലുമായി വൻ സാമ്പത്തിക നിക്ഷേപമുണ്ടെന്നും, കള്ളക്കടത്തിലൂടെ ലഭിച്ച സമ്പത്ത് പലമാർഗങ്ങളിലൂടെ ഭീകരപ്രവർത്തനങ്ങൾക്കു ഫണ്ട് ചെയ്യാൻ ഉപയോഗിച്ചതായി സംശയിക്കുന്നുവെന്നും കസ്റ്റഡി റിപ്പോർട്ടിൽ പറയുന്നു.