covid-death

കാസർകോട്: സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണം കൂടി. കാസർകോട്, കോഴിക്കോട്, കൊല്ലം ജില്ലകളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. കാസർകോട് അണങ്കൂർ സ്വദേശി ഖൈറുന്നീസ(48)യാണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് ഖൈറുന്നീസയുടെ മരണം സംഭവിച്ചത്. തിങ്കളാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താനായിട്ടില്ല. കുടുംബത്തിൽ ആർക്കും നിലവിൽ രോഗം ബാധിച്ചിട്ടില്ല.

പനി ലക്ഷണങ്ങളോടെ ജൂൺ ഇരുപതിനാണ് കല്ലായി സ്വദേശി കോയയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു. പ്രമേഹവും ഹൃദ്രോഗവും ഉണ്ടായിരുന്നു.ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. 57 വയസായിരുന്നു. കോയയ്ക്ക് കൊവിഡ് ലക്ഷണങ്ങൾ ഇല്ലായിരുന്നെന്ന് ബന്ധുക്കൾ അറിയിച്ചു.

ഇന്നലെ മരിച്ച കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശി റെയ്ഹാനത്തിനും (55) കൊവിഡ് സ്ഥിരീകരിച്ചു. വീട്ടില്‍ ഇന്നലെ രാവിലെ കുഴഞ്ഞു വീഴുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.