varsha

കൊച്ചി: ചികിത്സാ സഹായമായി ലഭിച്ച പണത്തിന്റെ വിഹിതം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിൽ സന്നദ്ധ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിനെ പൊലീസ് ചോദ്യം ചെയ്തു. അമ്മയുടെ ചികിത്സയ്ക്ക് സഹായമായി ലഭിച്ച പണത്തിന്റെ വിഹിതം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന കണ്ണൂർ തളിപ്പറമ്പ് സ്വദേശി വർഷയുടെ പരാതിയിലാണ് പൊലീസ് ഫിറോസിനെ ചോദ്യം ചെയ്തത്. വർഷയുടെ അമ്മയുടെ ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങൾക്കുമുള്ള പണത്തില്‍ അധികമുള്ളതു മറ്റ് രോഗികൾക്കു നൽകാമെന്ന് വർഷ അറിയിച്ചിരുന്നതായി ഫിറോസ് പൊലീസിനോട് പറഞ്ഞു.

ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായ ഫിറോസ് കുന്നംപറമ്പിൽ, സാജൻ കേച്ചേരി എന്നിവരടക്കമുള്ളവർ വർഷയ്ക്ക് സഹായവുമായി എത്തിയിരുന്നു. എന്നാൽ പിന്നീട് ഇവ‌ർ പണത്തിന്റെ പേരിൽ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും വ‌ർഷ സമൂഹമാദ്ധ്യമത്തിലൂടെ വ്യക്തമാക്കിയിരുന്നു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കരൾമാറ്റ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച വർഷയുടെ അമ്മയുടെ ചികിത്സയ്ക്കായി ഒരു കോടി ഇരുപത്തി അഞ്ച് ലക്ഷത്തിലധികം രൂപയാണു സഹായമായി അക്കൗണ്ടിൽ ലഭിച്ചത്. എന്നാല്‍ പിന്നീട് ചികിത്സാ ചെലവ് കഴിഞ്ഞു ബാക്കി തുക ജോയിന്‍റ് അക്കൗണ്ടിലേക്ക് മാറ്റാൻ സാജൻ കേച്ചേരി അടക്കമുള്ളവർ ഭീഷണിപ്പെടുത്തിയെന്നു കാണിച്ച് വർഷ പൊലീസിൽ പരാതി നൽകി. ഈ പരാതിയിലാണ് കൊച്ചി എ സി പി കെ. ലാൽജി ഫിറോസ് കുന്നുംപറമ്പിലിനെ ചോദ്യചെയ്തത്.