sandeep

കൊച്ചി: സ്വർണക്കടത്തുകേസിൽ സ്വപ്നസുരേഷിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്യാൻ കസ്റ്റംസ് എൻ ഐ എ കോടതിയിൽ അപേക്ഷ സമർപ്പിച്ചു. ഇരുവരും ഇപ്പോൾ എൻ ഐ എ കസ്റ്റഡിയിലാണ്. നേരത്തേ കസ്റ്റംസ് നടത്തിയ ചോദ്യംചെയ്യലിൽ ഇവർ പുറത്തുവിട്ട കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്താനാണ് വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നത്.

അതേസമയം സ്വർണക്കടത്തുകേസിലെ പ്രധാന പ്രതിയായ സരിത്തിനെ തിരുവനന്തപുരത്തെത്തിച്ച് നടത്തിയ തെളിവെടുപ്പിൽ നിർണായക വിവരങ്ങൾ ലഭിച്ചെന്നാണ് എൻ ഐ എ നൽകുന്ന സൂചന. സ്വർണം കൈമാറിയ ഇടങ്ങളും വ്യാജരേഖകൾ നിർമ്മിച്ച സ്ഥലങ്ങളും ഈ തെളിവെടുപ്പിൽ വ്യക്തമായിരുന്നു. കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണോ വ്യാജരേഖകൾ ഉണ്ടാക്കിയതെന്ന് എൻ ഐ എ പരിശോധിക്കും.ഗൺമാൻ ജയഘോഷിനെ അന്വേഷണ സംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് അറിയുന്നത്. ഇയാൾക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്നാണ് കരുതുന്നത്. സർവീസ് ചട്ടങ്ങൾ ലംഘിച്ചതിന് ഇയാളെ സസ്പെൻഡുചെയ്തിരിക്കുകയാണ്.